തിരുവനന്തപുരം: ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍നിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് അജിത് കുമാറിനെ പങ്കെടുപ്പിക്കാതിരുന്നത്.
ഡിജിപി, ഇന്റലിജന്‍സ്, ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തില്‍ പങ്കെടുത്തത്. മന്ത്രി വിഎന്‍ വാസവന്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് എന്നിവരും യോഗത്തില്‍ പങ്കെടുത്തത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദര്‍വേസ് സാഹിബാണ് യോഗത്തില്‍ പൊലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അജിത് കുമാറിനോട് മാറി നില്ക്കാന് ആവശ്യപ്പെട്ടെന്നാണ് വിവരം. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇദ്ദേഹത്തെ യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
അതേസമയം, ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പ്രതിദിനം പരമാവധി 80000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: