ചെന്നൈ: കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സി പി എം സ്വതന്ത്ര എം എല്‍ എ പി.വി. അന്‍വര്‍ ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി .ഞായറാഴ്ച രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് പെട്ടെന്നുളള കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അന്‍വര്‍ ഡി എം കെ മുന്നണിയില്‍ ചേരുമെന്നാണ് വാര്‍ത്ത.
ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗിന്റെ തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് അറിയുന്നത്.
ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം.എം.അബ്ദുള്ളയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതിനിടെ അന്‍വറിന്റെ മകന് തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നു.
ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വതന്ത്രനാണെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും അന്‍വറിന് കഴിയുമോ എന്നുള്ള ചോദ്യങ്ങള്‍ സജീവമാണ്.
ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാര്‍ലമെന്റ്് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പറയുന്നത്. ‘ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും എന്നാണ് നിയമം.
പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി വി അന്‍വര്‍ അയോഗ്യനാക്കപ്പെടും. അന്‍വറിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഏത് എംഎല്‍എയ്ക്കും സ്പീക്കര്‍ക്ക് പരാതി നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: