പട്ന : അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 200ലധികം സീറ്റുകൾ നേടുമെന്ന് വിശ്വാസമുണ്ടെന്നും അതിനായി പ്രവർത്തകർ പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്ത് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ.
ജെഡിയുവിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹത്തിന്റെ ആഹ്വാനം. എൻഡിഎ സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാനും ജനങ്ങളിലേക്കെത്തിക്കാനും മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു. 2010ൽ 243ൽ 206 സീറ്റും എൻഡിഎ നേടിയെന്നും 2025ൽ 2020 എന്ന ലക്ഷ്യമാണ് നമ്മുടെ മുന്നിലുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2010ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു 115 സീറ്റുകൾ നേടിയപ്പോൾ ബിജെപി 91 സീറ്റുകൾ നേടിയത് ഇരു പാർട്ടികളുടെയും എക്കാലത്തെയും മികച്ച പ്രകടനമാണ്. കൂടാതെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്ത് 40ൽ 30 സീറ്റുകളും പിടിച്ചെടുക്കാൻ സാധിച്ചതിനെയും മുഖ്യമന്ത്രി പ്രകീർത്തിച്ചു.
ഇതിനു പുറമെ ബിഹാറിലെ പ്രളയബാധിതർക്ക് വേണ്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർക്കായി പാചകം ചെയ്ത അരിയും പയറും പച്ചക്കറികളും ലഭിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: