കാസർകോട്: മഞ്ചേശ്വരം കോഴക്കേസ് വളരെ ആസൂത്രിതമായി തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗൂഡാലോചനയിലൂടെയാണ് ഇത്തരത്തിലൊരു കേസ് ഉയർന്നുവന്നത്. എൽഡിഎഫിന് വേണ്ടി വിവി രമേഷ് കൊടുത്ത കേസ് ആണിത്. എന്നന്നേക്കുമായി തന്നെ തെരഞ്ഞെടുപ്പിൽ നിന്നും ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലൊരു കേസ് കെട്ടിച്ചമച്ചത്.
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ ഈ ഗൂഡാലോചനയിൽ പങ്കാളികളായിട്ടുണ്ട്. സത്യം മാത്രമേ വിജയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഭാഗം ഉന്നയിച്ച നിയമപരമായ കാര്യങ്ങൾ കോടതി ശരിവച്ചെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദര കൊടുത്ത ഒരു കേസല്ല. പിന്നീട് സുന്ദരയെ വിളിച്ച് കേസിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ നിന്ന് എന്നെ എന്നന്നേക്കുമായി അയോഗ്യനാക്കാനും ബിജെപിയെ താറടിച്ച് കാണിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു കേസ് ഉണ്ടാക്കിയത്. കർണാടകയിലെ ഒരു ഉൾപ്രദേശത്ത് സുന്ദരയെ കൊണ്ടുപോയി കളളക്കേസ് ഉണ്ടാക്കുകയായിരുന്നു. ചില മാദ്ധ്യമ പ്രവർത്തകർ ഈ ഗൂഢാലോചനയിൽ പങ്കാളികളായതും ഖേദമുണ്ടാക്കിയതാണ്. ഇപ്പോൾ കോടതിക്ക് ബോദ്ധ്യപ്പെട്ടു.
കേരള പോലീസ് എനിക്കെതിരെ ഒരുപാട് കേസുകളെടുത്തിട്ടുണ്ട്. ഇതിലൂടെ ഞങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ ആർക്കും കഴിയില്ല. സംഘപരിവാർ, ബിജെപി നേതാക്കളെ കരിവാരി തേയ്ക്കാനാണ് ശ്രമിക്കുന്നത് – സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: