ധുബ്രി : പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുക എന്ന അവബോധം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് അസമിലെ ഒരു കലാകാരൻ ഉപേക്ഷിക്കപ്പെട്ട 8,000-ലധികം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ചത് ദുർഗാദേവിയുടെ മനോഹരമായ വിഗ്രഹം. കലയുടെയും പരിസ്ഥിതി ബോധത്തിന്റെയും അതുല്യമായ സമ്മിശ്രണത്തിൽ അസമിലെ ധുബ്രിയിൽ നിന്നുള്ള കലാകാരൻ പ്രദീപ് കുമാർ ഘോഷ് ആണ് നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആകർഷകമായ വിഗ്രഹം രൂപപ്പെടുത്തിയത്.
അഞ്ചടി ഉയരമുള്ള വിഗ്രഹം പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുമെന്നതിൽ തെല്ലും ആശങ്കപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സൃഷ്ടിയായ ഈ പ്ലാസ്റ്റിക് വിഗ്രഹം ചാർമൈൻ റോഡിലെ ദുർഗ്ഗാപൂജ പന്തലിലാണ് പ്രദർശിപ്പിക്കുന്നത്.
“ഈ വർഷത്തെ വിഗ്രഹം പാരിസ്ഥിതിക മാറ്റത്തെക്കുറിച്ചുള്ള സന്ദേശമാണ് വഹിക്കുന്നത്. കല മനോഹരമാകുക മാത്രമല്ല അർത്ഥപൂർണമാവുകയും വേണം,”- ഘോഷ് പറഞ്ഞു. കൂടാതെ പാഴ് വസ്തുക്കളിൽ നിന്നാണ് താൻ ദുർഗ വിഗ്രഹം നിർമ്മിച്ചതെന്നും ഈ വർഷത്തെ നവരാത്രി ഉത്സവത്തിന്റെ തീം പരിസ്ഥിതി ബോധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കലാകാരൻ പറഞ്ഞു.
വിവിധ സാമൂഹിക വിഷയങ്ങളിൽ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം നിർമ്മിച്ച കലാപ്രദർശനങ്ങൾക്ക് പരക്കെ പ്രശംസകൾ ലഭിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങൾ സൃഷ്ടിക്കുന്നതിൽ പേരുകേട്ട ഘോഷ് മുമ്പ് കരിമ്പ് മാലിന്യങ്ങളും സൈക്കിൾ ട്യൂബുകളും പോലുള്ള വസ്തുക്കളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: