സുഡാൻ : ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യൻ ആർമി നൽകുന്ന നിസ്തുലമായ മാനുഷിക സഹായങ്ങൾ എന്നും വിലമതിക്കാനാവാത്തതാണ്. ഇപ്പോഴിതാ സുഡാൻ, ദക്ഷിണ സുഡാൻ രാജ്യങ്ങൾക്കിടയിൽ കിടക്കുന്ന പ്രത്യേക ഭരണ പ്രദേശമായ അബിയയിലെ സാധാരണക്കാരുടെ ആരോഗ്യ സുരക്ഷയ്‌ക്കായി മെഡിക്കൽ ക്യാമ്പും വളർത്തുമൃഗങ്ങൾക്കായി പ്രത്യേക പരിശോധന സേവനങ്ങളും നടത്തി.
ഐക്യരാഷ്‌ട്രസഭയുടെ ഇടക്കാല സുരക്ഷാ സേനയുടെ കീഴിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ ആർമി സൈനികർ റുമാജാക് , അബിയ ഗ്രാമത്തിലെ പാവപ്പെട്ടവരും ദരിദ്രരുമായ ഗ്രാമീണർക്കായി എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ മെഡിക്കൽ, വെറ്ററിനറി ക്യാമ്പാണ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കണ്ടിജൻ്റ് കമാൻഡർ കേണൽ കാളിചരൺ ഗോപാലൻ നിർവഹിച്ചു.
അബിയയിലെ ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നിയമമന്ത്രി, പാരാമൗണ്ട് മേധാവി, അബിയയിലെ മറ്റ് ഒമ്പത് പ്രമുഖ ഗോത്ര നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.
ക്യാമ്പിൽ മൊത്തം 244 വ്യക്തികൾക്ക് ആവശ്യമായ വൈദ്യചികിത്സ ലഭിച്ചു. കൂടാതെ 42 കന്നുകാലികൾക്ക് വെറ്ററിനറി സേവനം നൽകി. മാനുഷിക സഹായത്തിലൂടെയും ആരോഗ്യ പരിപാലന സേവനങ്ങളിലൂടെയും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം സംഘടിപ്പിച്ചതെന്ന് കണ്ടിജൻ്റ് കമാൻഡർ പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിനും വെറ്ററിനറി സഹായത്തിനും നിരവധി പേർ നന്ദി രേഖപ്പെടുത്തുകയും ഈ പരിപാടിയെ പ്രദേശവാസികൾ വളരെയധികം പ്രശംസിക്കുകയും ചെയ്തു. ഈ ക്യാമ്പ് സംഘടിപ്പിച്ചത് വഴി ഇന്ത്യൻ സമാധാന സേനയും പ്രാദേശിക സമൂഹവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: