കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പോലീസ് പറയുന്നത്.
മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല. എന്നാൽ ചില യുട്യൂബർമാർ കുടുങ്ങാനിടയുണ്ട്. വിവാദ ഉള്ളടക്കം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴാവാക്കാൻ തീരുമാനിച്ചത്. അതിനിടെ, സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വർഗീയ വിദ്വേഷ കമന്റിട്ടവർക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും.
ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പോലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: