Kerala

കൊല്ലം – എറണാകുളം മെമു തിങ്കളാഴ്ച ഓടിത്തുടങ്ങും

Published by

കോട്ടയം: വേണാട്, പാലരുവി എക്‌സ്പ്രസുകളിലെ തെരക്കിന് ആശ്വാസമായി കോട്ടയം വഴിയുള്ള കൊല്ലം എറണാകുളം മെമു തിങ്കളാഴ്ച ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. എട്ട് കോച്ചുകളുള്ള ട്രെയിന്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിച്ചുള്ള ദിവസങ്ങളിലാണ് ഓടുക. കൊല്ലത്തു നിന്ന് ദിവസവും രാവിലെ 6:15നാണ് സര്‍വീസ് ആരംഭിക്കുക. 9:35ന് എറണാകുളം സൗത്തില്‍ എത്തും. 20 മിനിറ്റിന് ശേഷം 9:50ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന മെമു ഉച്ചയ്‌ക്ക് 1:30ന് കൊല്ലത്ത് എത്തും.

9:35ന് എറണാകുളത്ത് എത്തുമെന്നതിനാല്‍ വേണാടിനെയും പാലരുവിയെയും ആശ്രയിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാര്‍ മെമു ഉപയോഗപ്പെടുത്തും. മാത്രമല്ല സൗത്തില്‍ പോകേണ്ടവര്‍ക്ക് ഇത് സൗകര്യമാകും. തിരുവനന്തപുരം- കാസര്‍കോട് വന്ദേ ഭാരത് 6:05നാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. 08:25 ഓടെ എറണാകുളം കടന്ന് പോവുകയും ചെയ്യും. പുതിയ മെമു, വന്ദേഭാരതിന് പിന്നാലെയാണ് യാത്ര ആരംഭിക്കുക. അതിനാല്‍ ഇടയ്‌ക്ക് പിടിച്ചിടേണ്ടി വരില്ല. വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ സഹായകമാകും. പാലരുവി, വേണാട് എക്‌സ്പ്രസുകളുടെ ഇടയിലാണ് മെമു സര്‍വീസ്. രാവിലെ 04:50 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന പാലരുവി എക്‌സ്പ്രസ് 6:55ന് കോട്ടയം പിന്നിട്ട് 08:40നാണ് എറണാകുളത്ത് എത്തുന്നത്. രാവിലെ 06:36ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസാകട്ടെ 08:27ന് കോട്ടയം പിന്നിട്ട് 09:50നാണ് എറണാകുളത്ത് എത്തുക. 9:35ന് എറണാകുളത്ത് എത്തുമെന്നതിനാല്‍ 10 മണിയ്‌ക്ക് എറണാകുളത്തെ ഓഫീസിലെത്തേണ്ട യാത്രക്കാര്‍ക്ക് മെമു മതിയാകും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by