കൊച്ചി: കാലവര്‍ഷത്തില്‍ 13 ശതമാനം മഴയുടെ കുറവ്, 201.86 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 174.81 സെ.മീ. മഴയാണ് കിട്ടിയത്. ജൂണ്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള കണക്കാണിത്. 2023ല്‍ കാലവര്‍ഷത്തിലാകെ 34 ശതമാനം മഴയുടെ കുറവുണ്ടായിരുന്നു. 132.65 സെ.മീ. മഴയാണ് അന്ന് ആകെ ലഭിച്ചത്. ഇത്തവണ ആദ്യ പാതിയില്‍ തന്നെ ഇതിന് അടുത്ത് മഴ ലഭിച്ചിരുന്നു.
ജൂലൈയില്‍ മാത്രമാണ് സംസ്ഥാനത്ത് മഴ കൂടിയത്, അന്ന് 16 ശതമാനം മഴ കൂടി. ജൂണില്‍ 25, ആഗസ്ത് 30, സപ്തംബര്‍ 31 ശതമാനം വീതം മഴ കുറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളിലായി സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ടത് 130 സെ.മീ. മഴയാണ്. ഏതാണ്ട് ഇതിനടുത്ത് മഴ ലഭിക്കുകയും ചെയ്തു. പിന്നീടുള്ള മാസങ്ങളില്‍ മഴ കുറയുകയും ചെയ്തു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് 33 ശതമാനം. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരിലാണ്, ഇവിടെ 21 ശതമാനം മഴ കൂടി. തിരുവനന്തപുരം 3 ശതമാനം മഴയും കൂടി. വയനാട്- 30, എറണാകുളം- 27, ആലപ്പുഴ- 21, പത്തനംതിട്ട- 15, കൊല്ലം- 15, തൃശ്ശൂര്‍- 12, കോഴിക്കോട് -10, മലപ്പുറം- 10, കാസര്‍കോട്- 9, കോട്ടയം- 6, പാലക്കാട് 3 ശതമാനവും വീതം മഴ കുറഞ്ഞു.
122 ദിവസത്തിനിടെ 39 ദിവസമാണ് സംസ്ഥാനത്ത് പരക്കെ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത്. മഴ തുടര്‍ച്ചയായി ശക്തമായി നിന്നത് ജൂലൈ 10ന് ശേഷം ചെറിയ ഇടവേളയോടെ ആ മാസം അവസാനം വരെയാണ്. ജൂണ്‍ ആദ്യ രണ്ട് വാരവും അവസാന വാരവും മികച്ച മഴ കിട്ടി. ജൂലൈ അവസാന വാരം 4 ദിവസം മികച്ച മഴ കിട്ടി. ഇതിനിടെയാണ് വയനാട്ടില്‍ രാജ്യത്തെ തന്നെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്.
കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്ത് പ്രത്യേകിച്ചും മധ്യ, തെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുകയാണ്. ഇടിയോട് കൂടി ഉച്ചയ്ക്ക് ശേഷം എത്തുന്ന മഴ തുലാമഴയുടെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: