നാഗ്പൂര്‍: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നീതി വൈകുന്നത് ശരിയല്ലെന്ന് രാഷ്‌ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. രാജ്യത്തിന്റെ ന്യായവ്യവസ്ഥയ്‌ക്ക് എഴുപത്തഞ്ചാണ്ടാകുന്ന അമൃതോത്സവ വേളയില്‍ നീതിയുടെ അമൃതകുംഭം രാഷ്‌ട്രത്തിന് പ്രദാനം ചെയ്യാന്‍ വേണ്ട പരിഷ്‌കരണങ്ങള്‍ ഉണ്ടാകണം. രേശിംഭാഗില്‍ രാഷ്ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശാന്തകുമാരി.
ബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ മനുഷ്യത്വരഹിതമായ അക്രമങ്ങളാണ് നടന്നത്. ഒരു വനിത തന്നെ മുഖ്യമന്ത്രിയായിട്ടും അക്രമികളെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്.
അജ്മീര്‍ ദര്‍ഗയില്‍ നിരപരാധികളായ ഹിന്ദു പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുപ്പതാണ്ടിന്
ശേഷമാണ് നീതിയുടെ ഇടപെടലുണ്ടായതെന്ന് പ്രമുഖ സഞ്ചാലിക ചൂണ്ടിക്കാട്ടി.
ദേവി ദുര്‍ഗ സംയമി മാത്രമല്ല രൗദ്രദേവതയുമാണെന്ന് സ്ത്രീകള്‍ തിരിച്ചറിയണം. ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകള്‍ അത് മനസിലാക്കിയപ്പോഴാണ് അവിടെ അക്രമം നിലച്ചത്. ദുര്‍ഗാ പൂജയുടെ കാലത്ത് സുശീലയും സുധീരയും സമര്‍ത്ഥയുമായ ദേവീ സങ്കല്പത്തെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്, ശാന്തകുമാരി പറഞ്ഞു.
ഭാരതം ദുര്‍ഗയുടെ പരമ്പര: സോണല്‍ മാന്‍സിങ്
നാഗ്പൂര്‍: ഭാരതം ദുര്‍ഗാദേവിയുടെ പരമ്പരയാണെന്ന് വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിങ്. രേശിംഭാഗില്‍ രാഷ്ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സോണല്‍ മാന്‍സിങ്.
ലോപാമുദ്രയും ഗാര്‍ഗിയും കാര്‍ത്യായനിയും മൈത്രേയിയും മുതല്‍ പുതിയ കാലത്ത് മംഗള്‍യാന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശാസ്ത്രജ്ഞകള്‍ വരെ നാരീശക്തിയുടെ പ്രൗഢമായ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. സേവികാ സമിതിയുടെ സ്ഥാപക മൗസിജി ലക്ഷ്മി ബായി കേള്‍ക്കര്‍ പേരുകൊണ്ട് മാത്രമല്ല സ്വഭാവം കൊണ്ടും ഝാന്‍സി റാണിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ക്ഷേമം, സ്ഥൈര്യം, ആരോഗ്യം, അഭിവൃദ്ധി എന്നിവ സമാജത്തിന് പകരാന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് സോണല്‍ മാന്‍സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: