Sports

സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് സെമി ഫൈനല്‍

Published by

കൊച്ചി: സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് സെമിഫൈനല്‍. കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കുന്ന 68-ാമത് കേരള സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ ചാമ്പ്യന്‍ഷിപ്പ് വനിതാ സെമിയില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരവും കോട്ടയവും തമ്മില്‍ മത്സരിക്കും. ഫൈനല്‍ ബെര്‍ത്തിലേക്കുള്ള മറ്റൊരു മത്സരത്തില്‍ പാലക്കാട് ആലപ്പുഴയെയും നേരിടും.

പുരുഷന്മാരില്‍ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പത്തനംതിട്ടയെ(64-48) തോല്‍പ്പിച്ച തൃശ്ശൂര്‍ സെമിയില്‍ തിരുവന്തപുരവുമായി ഏറ്റുമുട്ടും. എറണാകുളം-ആലപ്പുഴ ക്വാര്‍ട്ടര്‍ പോരില്‍ വിജയിക്കുന്നവര്‍ കോട്ടയം-കണ്ണൂര്‍ വിജയികളുമായി രണ്ടാം സെമി കളിക്കും.

വനിതകളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് താരങ്ങള്‍ അണിനിരന്ന തിരുവനന്തപുരം പത്തനംതിട്ടയെ(67-20) തോല്‍പിച്ചു. ഇന്റര്‍നാഷണല്‍ അനീഷ ക്ലീറ്റസ് 20 പോയിന്റുമായി ടോപ് സ്‌കോററായി.

വനിതകളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കോട്ടയം കോഴിക്കോടിനെ(79-43) പരാജയപ്പെടുത്തി. മൂന്നാം ക്വാര്‍ട്ടറില്‍ തൃശൂര്‍ ആലപ്പുഴയ്‌ക്ക് മുന്നില്‍(59-57) പരാജയപ്പെട്ടു. കോളേജ് താരങ്ങളുമായി ഇറങ്ങിയ തൃശൂര്‍ കെഎസ്ഇബിയുടെ നാല് താരങ്ങളുമായി ഇറങ്ങിയ ആലപ്പുഴയുമായി കടുത്ത പോരാട്ടമാണ് നടന്നത്. ആലപ്പുഴയുടെ അമൃത ഇ.കെ. വിജയശില്‍പിയായി. വനിതകളുടെ അവസാന ക്വാര്‍ട്ടര്‍ പാലക്കാടും എറണാകുളവും തമ്മിലായിരുന്നു. കേരള പോലീസ് താരങ്ങളുമായി ഇറങ്ങിയ പാലക്കാട് എറണാകുളത്തെ(73-54) പരാജയപ്പെടുത്തി. 22 പോയിന്റുമായി ചിപ്പി മാത്യു പാലക്കാടിന്റെ ടോപ് സ്‌കോറര്‍.

പുരുഷന്മാരിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തൃശൂര്‍ പത്തനംതിട്ടയെ തോല്‍പിച്ചു (64-48). രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ താരങ്ങള്‍ക്ക് മുന്‍തൂക്കമുള്ള തിരുവന്തപുരം കേരള പോലീസ് താരങ്ങളടങ്ങിയ പാലക്കാടിനെ(52-38) തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by