പോര്‍ട്ടോ: യുവേഫ യൂറോപ്പ ലീഗില്‍ തുടരെ രണ്ടാം മത്സരത്തിലും സമനില പിണഞ്ഞ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയ്ക്കെതിരെ നടന്ന രണ്ടാം മത്സരത്തിലും ടീമിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇരു ടീമുകളും മൂന്ന് വീതം ഗോളുകളാണ് നേടിയത്.
ആദ്യ അരമണിക്കൂര്‍ യുണൈറ്റഡ് ആധിപത്യമാണ് പോര്‍ട്ടോയിലെ സ്റ്റേഡിയത്തില്‍ കണ്ടത്. ഈ സമയത്ത് ടീം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തുകയും ചെയ്തു. ഏഴാം മിനിറ്റില്‍ ഗോളടിച്ച ഇടത് വിങ്ങര്‍ മാര്‍കസ് റാഷ്ഫോഡ് 20-ാം മിനിറ്റില്‍ റാസ്മസ് ഹോയ്ലണ്ട് നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ഇതിനെതിരെ ഹോംഗ്രൗണ്ട് ആനുകൂല്യം നന്നായി മുതലെടുത്ത് പൊരുതിയ പോര്‍ട്ടോ 27-ാം മിനിറ്റില്‍ ആദ്യ ഫലം കണ്ടെത്തി. പെപ്പെ ഗോളടിച്ചു. ഏഴ് മിനിറ്റിനകം സാമു ഒമോറോഡിയനിലൂടെ അവര്‍ യുണൈറ്റൈഡിനൊപ്പമെത്തി. പിന്നീട് യുണൈറ്റഡ് ചിത്രത്തില്‍ ഇല്ലാതാകുന്ന കാഴ്ച്ചയാണ് കണ്ടത്. ആദ്യ പകുതി സമനിലയില്‍ തീര്‍ന്നു. രണ്ടാം പകുതി തുടങ്ങി അധികം വൈകും മുമ്പേ പോര്ട്ടെ യുണൈറ്റഡിനെ മറികടന്നു. ഒമോറോഡിയന്‍ ഇരട്ടഗോള്‍ തികച്ചു. പോര്‍ട്ടോ 3-2ന് മുന്നില്‍. യുണൈറ്റഡ് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അതിരുകടന്ന കളി താരത്തിന് രണ്ട് തവണ മഞ്ഞകാര്‍ഡ് വാങ്ങിക്കൊടുത്തു. 81-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് താരം പുറത്തേക്ക്. പത്ത് പേരായി ചുരുങ്ങിയ ഈ നേരത്താണ് യുണൈറ്റഡ് വീണ്ടും ഉണര്‍ന്നത്. മത്സരം ഇന്‍ജുറി ടൈമിലേക്ക് കടന്ന നിമിഷത്തില്‍ ലഭിച്ച കോര്ണര്ക്കിക്കിലേക്ക് ഹാരി മഗ്വെയിര് ഹെഡ്ഡറിലൂടെ യുണൈറ്റഡിന് സമനില സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: