പത്തനംതിട്ട:ലേ ലഡാക്കില്‍ 56 വര്‍ഷം മുന്‍പ് ഉണ്ടായ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടന്നു. പള്ളിയിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികള്‍ അര്‍പ്പിച്ചു. സര്‍ക്കാരിനായി മന്ത്രി വീണ ജോര്‍ജ്ജ് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പാങ്ങോട് സൈനിക ക്യാമ്പിലെ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചു.
ഇവിടെ പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം വിലാപയാത്രയായി ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിച്ചു. പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വ്യോമസേന വിമാനത്തില്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു. തുടര്‍ന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ചണ്ഡീഗഢില്‍ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തില്‍പ്പെട്ട് മഞ്ഞുമലയില്‍ കാണാതായത്. കരസേനയില്‍ ക്രാഫ്റ്റ്‌സ്മാനായ തോമസ് ചെറിയാന് 22 വയസുള്ളപ്പോഴാണ് സംഭവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക