India

നാഗചൈതന്യ- സാമന്ത വിവാഹമോചനത്തിൽ കൊണ്ട സുരേഖ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി അശ്വിനി വൈഷ്ണവ്

Published by

ന്യൂഡൽഹി: തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാ​ഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

കോൺ​ഗ്രസ് നേതാക്കളുടെ സ്ത്രീവിരുദ്ധ ചിന്താ​ഗതികൾ അവസാനിപ്പിക്കണമെന്ന് അശ്വിനി വൈഷ്ണവ് എക്സിലൂടെ ചൂണ്ടിക്കാട്ടി. സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് തെലങ്കാന മന്ത്രിയുടെ പ്രസ്താവനകൾ. ഇത് കോൺ​ഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടിനെയാണ് എടുത്തുകാണിക്കുന്നത്. നമ്മുടെ സമൂഹത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഒരു സ്ഥാനവുമില്ല. രാഹുൽ ​ഗാന്ധി​ ഉൾപ്പെടെയുള്ള മുതിർന്ന കോൺ​ഗ്രസ് നേതാക്കളുടെ മൗനം ഈ പരാമർശങ്ങൾ അം​ഗീകരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്നും അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു.

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെടിആര്‍ ആണെന്നും നടിമാര്‍ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെ ടി ആര്‍ ആണെന്നുമായിരുന്നു സുരേഖയുടെ പരാമര്‍ശങ്ങള്‍. കെ ടി ആര്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകള്‍ ചോര്‍ത്തി ബ്ലാക് മെയില്‍ ചെയ്തെന്നും സുരേഖ പറഞ്ഞിരുന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍കണ്‍വെന്‍ഷന്‍ പൊളിച്ചുമാറ്റാതിരിക്കാന്‍ പകരമായി സാമന്തയെ തന്റെ അടുത്തേക്ക് അയയ്‌ക്കണമെന്ന് കെടിആര്‍ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാന്‍ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എക്സിലാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.

ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമ റാവുവാണെന്ന പരാമര്‍ശം പിന്‍വലിച്ച് തെലങ്കാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി കൊണ്ട സുരേഖ. തന്റെ പരാമര്‍ശം സാമന്തയെ വേദനിക്കിപ്പിക്കാനായിരുന്നില്ലെന്നും ഒരു നേതാവ് സ്ത്രീകളെ ഇകഴ്‌ത്തുന്നതിനെ ചോദ്യം ചെയ്യുന്നതിനായിരുന്നുവെന്നും സുരേഖ പറഞ്ഞു. സാമന്ത തനിക്ക് പ്രചോദനമാണെന്നും സുരേഖ പറഞ്ഞു. തുടര്‍ന്ന് സാമന്തയോ ആരാധകരോ തന്റെ പരാമര്‍ശത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി സുരേഖ വ്യക്തമാക്കി. സുരേഖയുടെ പരാമര്‍ശത്തില്‍ കെ ടി ആര്‍ സുരേഖയക്ക് വക്കീല്‍ നോട്ടീസയച്ചിരുന്നു. അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്ന് കെ ടി ആറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തികളില്‍ നിന്ന് സുരേഖ വിട്ട് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

സുരേഖ മാപ്പ് പറഞ്ഞില്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍, അനുമാനങ്ങള്‍, നുണകള്‍, നിസാരമായ ആരോപണങ്ങള്‍ എന്നിവയിലൂടെ കെ ടി ആറിന്റെ പ്രശസ്തി കളങ്കപ്പെടുത്താന്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് സുരേഖ ഗൂഢാലോചന നടത്തിയെന്നും നോട്ടീസില്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക