തിരുവനന്തപുരം: സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം സിനിമ ഇറങ്ങി 29 വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രമുണ്ട്. കീരിക്കാടന്‍ ജോസ്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അത്രമാത്രം മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ആ വില്ലന്‍ കഥാപാത്രത്തിന്റെ പേരിലാണ് മോഹന്‍രാജ് എന്ന നടന് അറിയപ്പെട്ടത്.
മുഖത്തെ മുറിപ്പാടുകളും ചോരക്കണ്ണും രണ്ടാള് പൊക്കവും അതുവരെ കണ്ട വില്ലന്മാരില് വ്യത്യസ്തമായിരുന്നു. സിനിമ എന്നത് മനസില്‍ പോലും ഇല്ലാതിരുന്ന സമയത്ത് ആകസ്മികമായാണ് സിനിമ ലോകത്തേക്ക് മോഹന്‍രാജ് എത്തുന്നത്. ചെന്നൈയില്‍ ജോലി ചെയ്യുമ്പോള്‍ ‘കഴുമലൈ കള്ളന്’, ‘ആണ്‍കളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് അവസരങ്ങള്‍ തേടി പോയില്ല, സിനിമ എന്ന ലോകം വിട്ടു. എന്നാല്‍ മോഹന്‍ രാജിനെ വിടാന്‍ സിനിമ തയാറായിരുന്നില്ല. അങ്ങനെയാണ് കിരീടം സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിപ്പെടുന്നത്. സംവിധായകന് കലാധരനാണ് കിരീടത്തിന്റെ സെറ്റിലേക്കു കൊണ്ടുപോകുന്നത്. കന്നടയിലെ പ്രശസ്തനായ നടനെയായിരുന്നു കീരിക്കാടന്‍ ജോസിന്റെ വേഷം ചെയ്യാന്‍ സംവിധായകന് സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്. എന്നാല്‍ പറഞ്ഞ ദിവസം നടന് എത്താന്‍ സാധിച്ചില്ല. പിന്നീട് കുറെ പേരേ സമീപിച്ചെങ്കിലും ആരെയും കഥാപാത്രത്തിന് അനുയോജ്യമായി തോന്നിയില്ല. എന്നാല്‍ ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹന്‍രാജിനെ കലാധരന്റെ മുറിയില്‍വച്ചു സംവിധായകന് കാണാനിടയായി. ഒറ്റമാത്രയില്‍ത്തന്നെ അദ്ദേഹം മുന്നിലിരിക്കുന്ന ആളില്‍ കീരിക്കാടന്‍ ജോസിനെ കണ്ടു.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തില്‍ അഭിനയിക്കുന്നത്. ചിത്രം വന്‍ ഹിറ്റായതോടെ മോഹന്‍രാജ് മലയാളത്തിലെ വില്ലന്മാരില് മുന്‍നിരയിലെത്തി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങണം. അതൊന്നും ചെയ്യാതെയായിരുന്നു മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചത്.
ജോലിയില്‍ നിന്ന് ലീവു കിട്ടാതെ അഭിനയത്തിനിറങ്ങിയത് പുലിവാലായി. സിനിമയില്‍ പേരും പ്രശസ്തിയുമായി മോഹന്‍രാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതു കണ്ട ചില മേലുദ്യോഗസ്ഥര്‍ക്ക് പിടിച്ചില്ല. അവരുടെ ഇടപെടല്‍കൊണ്ട് സസ്പെന്ഷന് കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വര്‍ഷത്തിനുശേഷമാണ്. 2010ല്‍ ആണു ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സര്‍വീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേക്കും മടുപ്പുവന്നു. കാരണം, കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്നെ. 2015ല്‍ ജോലിയില്‍നിന്നു സ്വമേധയാ വിരമിച്ചു.
സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറിയിരുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ലന്നറിയാമായിരുന്നിട്ടും എന്നും ഓര്‍ക്കാന്‍ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്യണമെന്ന ആഗ്രഹവുമായാണ് മോഹന്‍ രാജ് വിടവാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: