ന്യൂഡല്‍ഹി: അഞ്ച് ഭാഷകള്‍ക്ക് ശ്രേഷ്‌ഠ ഭാഷ പദവി നല്‍കാന്‍ കേന്ദ്രമന്ത്രിസഭയോഗം തീരുമാനിച്ചു. ആസാമീസ്, മറാത്തി, പാലി, പ്രാകൃത്, ബംഗാളി ഭാഷകള്‍ക്കാണ് ശ്രേഷ്‌ഠ ഭാഷ പദവി നല്‍കാന്‍ തീരുമാനിച്ചത്.
ഭാരതത്തിന്റെ പൗരാണിക സാംസ്‌കാരിക പാരമ്പര്യം പേറുന്നവയാണ് ശ്രേഷ്‌ഠ ഭാഷകളെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഓരോ സമൂഹത്തിന്റെയും ചരിത്രവും സാംസ്‌കാരികവുമായ നാഴികകല്ലുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004 ഒക്‌ടോബര്‍ 12 മുതലാണ് ശ്രേഷ്‌ഠഭാഷ പദവി നല്‍കാന്‍ തുടങ്ങിയത്. തമിഴിനാണ് ആദ്യമായി ശ്രേഷ്‌ഠഭാഷ പദവി നല്‍കിയത്. പതിനായിരത്തിലേറെ വര്‍ഷത്തെ പാരമ്പര്യം തമിഴിനുണ്ടെന്നാണ് വിലയിരുത്തിയത്. 2005ല്‍ സംസ്‌കൃതത്തിനും ശ്രേഷ്‌ഠ ഭാഷ പദവി നല്‍കി. പിന്നീട് തെലുഗ്, കന്നഡ, മലയാളം ഭാഷകള്‍ക്കും ശ്രേഷ്‌ഠഭാഷ പദവി സമ്മാനിച്ചു. ഏറ്റവും ഒടുവില്‍ 2014ല്‍ ഒഡിയയ്‌ക്കാണ് ശ്രേഷ്‌ഠ ഭാഷ പദവി കിട്ടിയത്. ഇപ്പോള്‍ അഞ്ച് ഭാഷകള്‍ക്ക് കൂടി ശ്രേഷ്‌ഠ ഭാഷാ പദവി ലഭിച്ചതോടെ രാജ്യത്തെ ശ്രേഷ്‌ഠ ഭാഷ പദവിയുള്ള ഭാഷകളുടെ എണ്ണം പതിനൊന്നായി.
അസോം സാഹിത്യ സഭ മുന്‍അധ്യക്ഷന്‍ കുലധര്‍ സൈക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ആസാമീസ് ഭാഷയ്‌ക്ക് കൂടുതല്‍ കരുത്ത് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ഏറ്റവു വലിയ സാഹിത്യ കൂട്ടായ്‌മയായ അസോം സാഹിത്യ സഭയുടെ അധ്യക്ഷനായിരുന്ന കാലത്ത് ഭാഷയ്‌ക്ക് ശ്രേഷ്‌ഠ ഭാഷ പദവിക്ക് വേണ്ടി കിണഞ്ഞ് ശ്രമിച്ച വ്യക്തിയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ സൈക്കിയ. ശ്രേഷ്‌ഠ ഭാഷ പദവി ആവശ്യപ്പെട്ട് അസോം സാഹിത്യ സഭ 391 പേജുള്ള റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ ലാംഗ്വേജ് സമിതിക്ക് മുമ്പാകെ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ നേട്ടമാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുെട നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് അദ്ദേഹം നന്ദിയും അറിയിച്ചു.
1500 മുതല്‍ 2000 വര്‍ഷം വരെ പഴക്കമുള്ള ഭാഷകള്‍ക്കാണ് ശ്രേഷ്‌ഠഭാഷാ പദവി നല്‍കുന്നത്. പൗരാണിക സാഹിത്യ സൃഷ്‌ടികളടക്കം പരിഗണിച്ചാണ് ശ്രേഷ്‌ഠഭാഷാ പദവി സമ്മാനിക്കുന്നത്.
ശ്രേഷ്ഠഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത ഭാഷയുടെ പ്രോത്സാഹനത്തിനായി പാർലമെന്റ് നിയമത്തിലൂടെ 2020-ൽ മൂന്നു കേന്ദ്ര സർവകലാശാലകൾ സ്ഥാപിക്കപ്പെട്ടു. പുരാതന തമിഴ് ഗ്രന്ഥങ്ങളുടെ വിവർത്തനം സുഗമമാക്കുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും സർവകലാശാലാവിദ്യാർഥികൾക്കും തമിഴ് ഭാഷാ പണ്ഡിതർക്കും കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനുമായി ശ്രേഷ്ഠ തമിഴ് കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
ശ്രേഷ്ഠഭാഷകളുടെ പഠനവും സംരക്ഷണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, മൈസൂരുവിലെ ഇന്ത്യൻ ഭാഷകൾക്കായുള്ള കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠഭാഷകളായ കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയിലെ പഠനത്തിനായി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഈ സംരംഭങ്ങൾക്കു പുറമേ, ശ്രേഷ്ഠഭാഷാ മേഖലയിലെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രേഷ്ഠഭാഷകൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ, സർവകലാശാലകളിലെ ചെയറുകൾ, ശ്രേഷ്ഠഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എന്നിവ വിദ്യാഭ്യാസ മന്ത്രാലയം ശ്രേഷ്ഠഭാഷകൾക്കായി നൽകുന്ന വിപുലപ്പെടുത്തിയ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: