കൊച്ചി: കേളപ്പജി സ്മാരകം തകര്‍ത്തും ക്ഷേത്രവഴി തടഞ്ഞും ഭാരതപ്പുഴയ്‌ക്കു കുറുകെ തവനൂര്‍-തിരുനാവായ പാലം ഏകപക്ഷീയമായി പണിയുന്നത് ഹൈക്കോടതി വിലക്കി. മെട്രോമാന്‍ ഇ. ശ്രീധരന്റെ ഹര്‍ജി തീര്‍പ്പാക്കിയുള്ള കോടതി വിധി പിണറായി സര്‍ക്കാരിന്റെ പിടിവാശിക്കേറ്റ കനത്ത പ്രഹരമായി.
അഡ്വ. വി. സജിത്കുമാര്‍ മുഖേന ഇ. ശ്രീധരന്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്നു വ്യക്തമാക്കിയ കോടതി ആവശ്യമെങ്കില്‍ അലൈന്‍മെന്റ് മാറ്റാമെന്നും ഹര്‍ജിക്കാരനുമായി കൂടിയാലോചിക്കണമെന്നും അഭിപ്രായപ്പെട്ടു.
പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയാല്‍ ചെലവ് മൂന്നിലൊന്നായി കുറയുമെന്നും കേരള ഗാന്ധി കേളപ്പജിയുടെ സ്മാരകത്തിനും ക്ഷേത്രങ്ങള്‍ക്കും നാശമുണ്ടാകാതെ നോക്കാമെന്നും കാണിച്ചാണ് പ്രശസ്ത സാങ്കേതിക വിദഗ്ധന്‍ ഇ. ശ്രീധരന്‍ ഹര്‍ജി നല്കിയത്. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ചീഫ് എന്‍ജിനീയര്‍ക്കും കത്തു കൊടുത്തിരുന്നെങ്കിലും മറുപടി പോലും നല്കിയിരുന്നില്ല.
പാലം പണിയാന്‍ കേളപ്പജി സ്മാരകമായ സര്‍വോദയ സമിതി ഓഫീസ് തകര്‍ത്തതും ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തിയതും ഇതുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളും ഇ. ശ്രീധരന്റെ ഹര്‍ജിയും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജന്മഭൂമി റിപ്പോര്‍ട്ടുകള്‍ ശ്രീധരന്‍ ഹര്‍ജിക്കൊപ്പം തെളിവായി സമര്‍പ്പിച്ചിരുന്നു.
അലൈന്‍മെന്റ് മാറ്റിയാല്‍ പാലത്തിന്റെ നീളം 70 മീറ്റര്‍ കുറയ്‌ക്കാമെന്നും 4.2 കോടി ലാഭിക്കാമെന്നും ഹര്‍ജിയിലുണ്ട്. എന്നാല്‍, അലൈന്‍മെന്റ് മാറ്റിയാല്‍ പാലത്തിന് 60 മീറ്റര്‍ നീളം കൂടുമെന്നും ചെലവു വര്‍ധിക്കുമെന്നുമാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ടി.എസ്. സിന്ധു കോടതിയില്‍ പറഞ്ഞത്. പണി നിര്‍ത്തുന്നത് രാജ്യ വികസനത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
പാലം യാഥാര്‍ത്ഥ്യമാക്കാന്‍ സൗജന്യമായ സേവനം നല്കുമെന്ന് ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: