സ്വര്‍ണ്ണ പാത്രംകൊണ്ട് മൂടിവച്ചാലും സത്യം പുറത്തുവരാതിരിക്കില്ല എന്ന് പണ്ടേ കേള്‍ക്കാറുണ്ടെങ്കിലും ഇപ്പോഴാണ് പൊരുള്‍ തിരിഞ്ഞു കിട്ടിയത്. ബിരിയാണിച്ചെമ്പിലും കൈതോലപ്പായയിലും കുറച്ചുകാലത്തേക്കേ ഒളിപ്പിക്കാനാവൂ. അധികാരത്തിന്റെ അറേബ്യന്‍ സുഗന്ധം വാരിപ്പൂശിയാലും അന്തഃപുരത്തില്നിന്നുള്ള ദുര്‍ഗന്ധം തടയാനാവുന്നില്ല.
വിഎസ്സിന് ആവതുണ്ടായിരുന്ന കാലത്ത് വേറൊരു പ്രതിപക്ഷം വേണ്ടിയിരുന്നില്ല. ഇന്നത്തെ പ്രതിപക്ഷം കൊണ്ടുപിടിച്ചു നോക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ താഴെ ഇറക്കിയ ബാധതന്നെയാണ് ആളും പേരും മാറിയെങ്കിലും പിന്നീടും അവതരിച്ചത്. ഒന്നുരണ്ട് മുഴുത്ത കാളക്കൂറ്റന്മാരെ കുരുതികൊടുത്തതോടെ ആ ബാധ ഒട്ടൊന്ന് അടങ്ങി.
വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥയാണിന്ന്. നിലമ്പൂര്‍ പാട്ടിന്റെ നാട്ടില്‍നിന്നും അഴിമതിയുടെ ഭരണിപ്പാട്ടുയരുന്നു. എഡിജിപിയുടെ കുത്തിനു പിടിച്ചിട്ടും അരിശം തീരാതെ വീടിനുചുറ്റും മണ്ടി നടക്കുകയാണ് കലികയറിയവര്‍. പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന മുഖ്യരക്ഷസ്സിനെ ആവാഹിച്ചു പുറത്തുചാടിക്കാനാണ് അന്‍വര്‍ പ്രയോഗം.
സ്വര്‍ണ്ണ ബിസിനസിന്റെ അകവും പുറവും അറിയുന്ന അന്‍വറിനേക്കാള്‍ ഈ കച്ചവടത്തിന്റെ രാപ്പനി അറിയുന്നവര്‍ വേറെ ആരുണ്ട്? പാര്‍ട്ടി ഫണ്ട്, പ്രളയ ഫണ്ട്, കോവിഡ് ഫണ്ട് എന്നതിനേക്കാളൊക്കെ എളുപ്പം സ്വര്‍ണ്ണം പൊട്ടിക്കുന്നതാണ്. തൊട്ടവനും തൊട്ടുനിന്നവനുമൊക്കെ നേട്ടത്തില്‍ പങ്കുകിട്ടും. കസ്റ്റംസും പോലീസും പൊട്ടിക്കലുകാരും കൈകോര്‍ത്താല്‍ അറ്റാദായം മുകളിലെത്തും. അധികാരം കിട്ടാനിടയില്ലെന്നുറപ്പായാല് പിന്നെ പത്തു തുട്ടുണ്ടാക്കാനുള്ള വികസനപ്രവര്ത്തനങ്ങളിലേര്പ്പെടുന്നതാണ് ബുദ്ധി.
കൊടിപിടിച്ച്, തല്ലുകൊണ്ട്, സമ്മേളനങ്ങള്‍ പൊലിപ്പിച്ച് നടന്നിരുന്ന കാലമൊക്കെ മാറി. തടിമിടുക്കും സാമര്‍ത്ഥ്യവുമുണ്ടെങ്കില്‍ അധികാരം വിറ്റുകാശാക്കാം. സമ്മേളനങ്ങളും സമരങ്ങളുമൊക്കെ ഇവന്റ് മാനേജ്മെന്റുകാര്‍ നോക്കിക്കൊള്ളും.
പണമെറിഞ്ഞ് പണം നേടുന്നതൊക്കെ ചെറുകിടക്കാര്‍. സ്വര്‍ണ്ണം എറിഞ്ഞ് സ്വര്‍ണ്ണം നേടണം. ഒളിമ്പിക്സിലും ഓസ്കാറിലും നേടുന്നതല്ല സ്വര്‍ണ്ണം. (നമ്മുടെ ഒളിമ്പ്യന്‍ ശ്രീജേഷിന്റെ സ്വീകരണക്കഥ അറിയാമല്ലോ). സാക്ഷാല്‍ സ്വര്‍ണ്ണം വിമാനത്താവളം വഴി പുറത്തേക്കൊഴുകും. ലൈറ്റും ക്യാമറയും ഓഫാക്കി ഒരൊറ്റ ഓപ്പറേഷന്. പോലീസൊക്കെ കുറച്ചു നേരത്തേക്ക് നിര്‍വീര്യമാകും. സ്വര്‍ണ്ണം നേടുന്നതുപോലെ ഒരു കലയാണ് ആരോപണം നേരിടുന്നതും.
നിന്ന നില്പ്പില് ആളിക്കത്തിയ ഹേമ കമീഷന് റിപ്പോര്‍ട്ടും നിലമ്പൂര്‍ പെയ്ത്തില്‍ ഒതുങ്ങിപ്പോയി. മുനിഞ്ഞുകത്തുന്ന മുകേഷും സിദ്ദിഖും മാത്രം. ഒരു തിരമാല അടുത്തതിനെ വിഴുങ്ങുമെന്നറിയുന്ന തന്ത്രശാലി മിണ്ടാതിരിക്കും. കാത്തിരുന്നു കാണാം എന്ന മട്ടില്‍. ഏതു കെട്ട സൂര്യനും ഒന്നു ജ്വലിച്ചു പോകുന്ന അവസ്ഥകളുണ്ട്. എന്നാലും ഏതു കുലംകുത്തിയാണോ സത്യത്തെ വല്ല അലുമിനീയ പാത്രം കൊണ്ടു മൂടുന്നതിനു പകരം സ്വര്‍ണ്ണപാത്രംകൊണ്ട് മൂടിയാലും രക്ഷയില്ലെന്ന് കരിനാക്കു വളച്ചത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: