ദുബായി: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ വിക്രമയെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഒരുവര്‍ഷത്തേക്ക് വിലക്കി. ഐസിസി കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒത്തുകളിക്കായി സഹതാരങ്ങളെ പ്രേരിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
26കാരനായ ജയവിക്രമ 2021ലാണ് ശ്രീലങ്കയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ടെസ്റ്റില്‍ തന്നെ 11 വിക്കറ്റ് നേടിക്കൊണ്ട് മാന്‍ ഓഫ് ദി മാച്ച് ആയി ശ്രദ്ധ നേടി. ഇടംകൈയ്യന്‍ സ്പിന്നറായ താരം ലങ്കയ്‌ക്കായി അഞ്ച് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 25 വിക്കറ്റുകളും ഏകദിനത്തില്‍ അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. രണ്ട് ട്വന്റി20കളില്‍ നിന്ന് രണ്ട് വിക്കറ്റുകളും നേടി.
2021ലെ ലങ്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ സഹതാരങ്ങളെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതായാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച അന്വേഷണം തടസ്സപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ചെന്ന കുറ്റവും തെളിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതടക്കം ഐസിസി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം ജയവിക്രമ സമ്മതിച്ചതായും ഐസിസി പറയുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് അടുത്ത ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. താരത്തിന്റെ അവസാന അന്താരാഷ്‌ട്ര മത്സരം 2022 ജൂണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ച ട്വന്റി20 മത്സരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: