അഹമ്മദാബാദ് : കശ്മീരിലും വടക്കുകിഴക്കൻ മേഖലകളിലും മറ്റ് നക്‌സലിസം ബാധിത പ്രദേശങ്ങളിലും ഭീകര പ്രവർത്തനങ്ങളിൽ ഏറെ കുറവ് വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ അക്രമ സംഭവങ്ങൾ 70 ശതമാനത്തോളം കുറഞ്ഞുവെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ഗുജറാത്തിലെ ഷാഹിബാഗിൽ അഹമ്മദാബാദ് പോലീസ് കമ്മീഷണറുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ഈ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നിശ്ചയദാർഢ്യവും ശാശ്വതവും ഫലപ്രദവുമായ പരിഹാരങ്ങളും വികസനത്തിന് അനുകൂലമായ സമീപനവും കശ്മീരിലും മറ്റിടങ്ങളിലുമുള്ള അക്രമണങ്ങളെ ലഘൂകരിക്കാൻ സഹായകമായി എന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ രംഗത്ത് വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ മുൻപ് പരാമർശിച്ച ഈ മൂന്ന് പ്രദേശങ്ങളിലും കൃത്യമായ ഇടവേളകളിൽ ബോംബ് സ്‌ഫോടനങ്ങൾ നടന്നിരുന്നു. കശ്മീർ, വടക്കുകിഴക്കൻ, അതുപോലെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെല്ലാം ദുരിത പൂർണ്ണമായ ജീവിതമാണ് ജനങ്ങൾ നയിച്ചിരുന്നത്.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനെല്ലാം പരിഹാരം കാണുന്നുണ്ട്. ഭീകരവാദത്തിൽ നിന്നും നക്‌സലിസത്തിൽ നിന്നും മുക്തമായ രാഷ്‌ട്രമായി രാജ്യം മാറുന്നതിന്റെ പാതയിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: