ആലുവ : ഗാന്ധി ജയന്തി ദിനത്തിൽ മദ്യവിൽപന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ആലുവ ദർശന റോഡിൽ വാടകയ്‌ക്ക് താമസിക്കുന്ന തമിഴ് നാട് തിരുച്ചി സ്വദേശി ഗോപാൽ ( 64 ) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
വിൽപനയക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ആലുവ ഡിവൈഎസ്പി ടി. ആർ. രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന.
20 വർഷമായി കേരളത്തിൽ വന്ന് വാടകയ്‌ക്ക് താമസിക്കുന്ന ഇയാൾ വിദേശ മദ്യം അനധികൃതമായി വീട്ടിൽ സൂക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മാർക്കറ്റ് ഭാഗങ്ങളിൽ വിൽപന നടത്തുകയായിരുന്നു. പോണ്ടിച്ചേരിയിൽ നിന്നും മദ്യം ട്രെയിൻ മാർഗ്ഗം കടത്തി കൊണ്ടു വന്നായിരുന്നു വിൽപന. കൂട്ടു പ്രതികളെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്പക്ടർ എം. എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ, അസി സബ് ഇൻസ്പെക്ടർ അബ്ദുൾ ജലീൽ, സീനിയർ സിപിഒമാരായ പി. ജെ വർഗ്ഗീസ്, കെ. ആർ. രജീഷ്, സിപിഒമാരായ വി. എ അഫ്സൽ, എം. ശ്രീകാന്ത്, കെ. എ സിറാജുദ്ദീൻ, പി. എൻ. നൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: