Kerala

വയനാട് ദുരന്തം: മോഡല്‍ ടൗണ്‍ഷിപ്പിന് സ്ഥലം കണ്ടെത്തി; മേപ്പാടി നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റും

Published by

തിരുനന്തപുരം: വയനാട് ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിന് മോഡല്‍ ടൗണ്‍ഷിപ്പ് ഒരുക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മേപ്പാടി നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ദുരന്തനിവാരണ നിയമം 2005 പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെയാവും ഒന്നാം ഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. വാസയോഗ്യമല്ലാത്ത സ്ഥലത്ത് കഴിയുന്നവരെ രണ്ടാം ഘട്ടത്തില്‍ പുനരധിവസിപ്പിക്കും. ഗുണഭോക്താക്കളുടെ കരടു പട്ടിക ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിക്കും. ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും.

ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ രണ്ടു പേരെയും നഷ്ടപ്പെട്ട ആറ് കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട എട്ടു കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. വനിതാശിശുവികസന വകുപ്പാണ് തുക നല്‍കുക. കേന്ദ്രത്തില്‍ നിന്ന് അനുയോജ്യമായ സഹായം ലഭ്യമാക്കുന്നതിന് വീണ്ടും ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by