കോട്ടയം: പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മ്മാണം ആരംഭിച്ച റിവര്‍വ്യൂ റോഡിന്റെ ആര്‍ വി പാര്‍ക്കിന് സമീപമുള്ള സ്ഥലമേറ്റെടുപ്പിനായി തഹസില്‍ദാറെ ചുമതലപ്പെടുത്തിയതായി അധികൃതര്‍. ഈ സമാന്തര റോഡിന്റെ പണി 90% പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായി. മീനച്ചിലാറിന്റെ ഓരം പറ്റി തൂണുകള്‍ സ്ഥാപിച്ച് അതിലാണ് പാലത്തിന് സമാനമായ സമാന്തര റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ വി റോഡില്‍ നിന്ന് ആരംഭിച്ച് കൊട്ടാരമറ്റത്ത് അവസാനിക്കുന്നതാണ് ഈ സമാന്തര റോഡ്. എന്നാല്‍ റോഡ് പണി പൂര്‍ത്തിയായി പ്രധാന റോഡിലേക്ക് കയറുന്നിടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. സ്ഥലം ഏറ്റെടുക്കുന്നതിലെ പിഴവുമൂലം ഉണ്ടായ ഈ പ്രതിസന്ധി വര്‍ഷങ്ങളായി റോഡുപണി മുടക്കി.
ആര്‍ വി പാര്‍ക്കിന് സമീപം റോഡരികിലുള്ള ഒരു ഹോട്ടലിലാണ് ഇപ്പോള്‍ ഈ ബ്രിഡ്ജ് കം റോഡ് വന്നു മുട്ടി നില്‍ക്കുന്നത്. ഈ ഹോട്ടലിന്റെ സ്ഥലം പണി തുടങ്ങിയ സമയത്ത് ഏറ്റെടുത്തിരുന്നില്ല. ഹോട്ടല്‍ ഉടമ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയതോടെയാണ് പണിമുടങ്ങിയത് .സ്വന്തം പിഴവുമൂലം സംഭവിച്ച പ്രതിസന്ധിക്ക് ഹോട്ടല്‍ ഉടമയെ സമ്മര്‍ദ്ദത്തിലാക്കി സ്ഥലം പിടിച്ചെടുക്കാമെന്ന തന്ത്രമായിരുന്നു ഉദ്യോഗസ്ഥര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഹോട്ടലുടമ അത് നിയമപരമായി നേരിട്ടു. ഇപ്പോഴും ന്യായമായ നഷ്ടപരിഹാരം നല്‍കിയാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ ഉടമ തയ്യാറാണുതാനും.
ഈ വിഷയം പരിഹരിക്കാനാണ് ഇപ്പോള്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവായിരിക്കുന്നത്.
ശരിയായ രീതിയില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാതിരിക്കുകയും കോടികള്‍ മുടക്കിയ പദ്ധതി ഇത്രയും കാലം മുടങ്ങാനിടയാക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: