കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരെ അതിവേഗ ജയവുമായി സ്വന്തം റിക്കാര്‍ഡ് തിരുത്തി ഭാരത ക്രിക്കറ്റ് ടീം. നാട്ടില്‍ തുടര്‍ച്ചയായി 18 പരമ്പരകള്‍ വിജയിച്ചുകൊണ്ടാണ് ഭാരതം റിക്കാര്‍ഡ് നീട്ടിയെടുത്തത്. ഇക്കാര്യത്തില്‍ രണ്ടാമതുള്ള ഓസ്ട്രേലിയയ്ക്ക് നാട്ടില്‍ 10 പരമ്പരകളിലേ തുടര്‍ വിജയം നേടാന്‍ സാധിച്ചിട്ടുള്ളു. ബംഗ്ലാദേശിനെതിരെ ഇന്നലെ അവസാനിച്ച മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്.
സ്കോര്‍: ബംഗ്ലാദേശ്- 233, 146; ഭാരതം 295/9, 98/3(17.2)
ഏകദിനത്തെയും ത്രസിപ്പിക്കുന്ന തരത്തിലായിരുന്നു ഭാരതത്തിന്റെ വിജയം. ബംഗ്ലാദേശിന്റെ ശേഷിച്ച എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷം ആവശ്യമായ റണ്‍സ് അടിച്ചെടുക്കലായിരുന്നു ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ ഭാരതത്തിന്റെ അജണ്ട. മൂന്ന് വീതം വിക്കറ്റുകള്‍ നേടിക്കൊണ്ട് ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഓരോ വിക്കറ്റുമായി ആര്. അശ്വിനും ആകാശ് ദീപും ചേര്‍ന്നാണ് ബംഗ്ലാദേശിനെ ഇന്നലെ അതിവേഗം പുറത്താക്കിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാ പട 47 ഓവറില്‍ 146 റണ്‍സില്‍ ഒടുങ്ങി. തലേന്ന് ക്രിസിലുണ്ടായിരുന്ന ഓപ്പണര്‍ ഷാദ്മാന്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാനിരയില്‍ പിടിച്ചു നിന്നത്. മുഷ്ഫിഖുര്‍ റഹിം 37 റണ്‍സെടുത്ത് പൊരുതിയെങ്കിലും ബുംറ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു. ഈ വിക്കറ്റോടുകൂടിയാണ് ബംഗ്ലാദേശ് തീര്‍ന്നത്. സന്ദര്‍ശകര്‍ക്ക് തലേന്ന് നഷ്ടപ്പെട്ട രണ്ട് വിക്കറ്റുകളും നേടിയത് അശ്വിന് ആണ്. രണ്ട് ഇന്നിങ്സിലുമായി അശ്വിന് അഞ്ച് വിക്കറ്റുകള്‍ നേടി. ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് നേടി മാന്‍ ഓഫ് ദി മാച്ച് ആയ അശ്വിന് ആണ് പരമ്പരയുടെ താരമായത്. ഏറ്റവും കൂടുതല്‍ തവണ പരമ്പരയുടെ താരമാകുന്നതില്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം അശ്വിനും എത്തി. 11 തവണ വീതമാണ് ഇരുവരും ടെസ്റ്റില്‍ പരമ്പരയുടെ താരങ്ങളായിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജാക് കാലിസ്(ഒമ്പത്), ന്യൂസിലന്‍ഡ് ഇതിഹാസ ബൗളര്‍ റിച്ചാര്‍ഡ് ഹഡ്ലി(എട്ട്), പാക് ഇതിഹാസ ഓള് റൗണ്ടര്‍ ഇമ്രാന് ഖാന്(എട്ട്), അന്തരിച്ച ഇതിഹാസ സ്പിന്നര്‍ ഷെയ്ന് വോണ്‍(എട്ട്) എന്നിവരാണ് കൂടുതല്‍ തവണ പരമ്പരയുടെ താരമായ മറ്റുള്ളവര്‍.
ടെസ്റ്റ് ക്രിക്കറ്റിന്റെ സര്‍വ്വ ശൈലിളും പൊളിച്ചടുക്കി രണ്ട് ഇന്നിങ്സിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഭാരത ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആണ് കളിയിലെ താരമായത്. ആദ്യ ഇന്നിങ്സില്‍ 51 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 72 റണ്‍സെടുത്ത ജയ്സ്വാള്‍ രണ്ടാം ഇന്നിങ്സിലും അര്‍ദ്ധസെഞ്ചുറി നേടി. 45 പന്തുകളില്‍ എട്ട് ബൗണ്ടറികളും ഒരു സിക്സറും അടക്കം 51 റണ്‍സുമായി ഭാരത വിജയം ഉറപ്പാക്കിയാണ് താരം പുറത്തായത്. ജയ്സ്വാളിനെ പുറത്താക്കിയ തൈജുല്‍ ഇസ്ലാമിന്റെ അടുത്ത ഓവറില്‍ ബൗണ്ടറി നേടിക്കൊണ്ട് ഋഷഭ് ഭാരത വിജയം പൂര്‍ത്തിയാക്കി. നാല് റണ്‍സെടുത്ത പന്തിനൊപ്പം മറുവശത്ത് 29 റണ്‍സുമായി വിരാട് കോഹ്ലി ആണ് ക്രീസില്‍ ഉണ്ടായിരുന്നത്.
രണ്ടര ദിവസത്തിലേറെ മഴ കയ്യടക്കിയ മത്സരത്തിന്റെ കിട്ടിയ അവസരത്തില്‍ ഭാരതം ആവേശ വിജയം കൊയ്തത്. സമീപകാലത്ത് അതിവേഗ ടെസ്റ്റ് മത്സരം പ്രചാരണത്തിലാക്കിവരുന്ന ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിയെയും വെല്ലുന്ന പ്രകടനമാണ് രോഹിത് ശര്‍മയും കൂട്ടരും രണ്ടാം ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ കാഴ്ച്ചവച്ചത്. മോശം കാലാവസ്ഥ കാരണം രണ്ടും മൂന്നും ദിവസങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആദ്യദിനം വെറും 35 ഓവര്‍ മാത്രമേ കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: