കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിലും അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണ്. അത് റോഡിൽ പൊലിയേണ്ടതല്ല. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ചോദിച്ചു.
റോഡുകളുടെ ശോചനീയാവസ്ഥ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് പരാമർശം. പുതിയതായി നിർമ്മിച്ച റോഡിൽ എങ്ങനെയാണ് കുഴികൾ ഉണ്ടാകുന്നതെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. കുന്നംകുളത്ത് റോഡിന്റെ അവസ്ഥ മോശമാണ്. എവിടെയെങ്കിലും റോഡ് മോശമാണെന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ? എന്നിട്ടാണ് ഹെൽമറ്റില്ലെന്നും ഓവർസ്പീഡ് ആണെന്നും പറഞ്ഞ് പിഴ ഈടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
കേരളത്തിൽ നല്ല റോഡ് ഇല്ലെന്നല്ല. എന്നാൽ തകർന്ന റോഡുകൾ പുതുക്കിപ്പണിയാൻ അധികൃതർ തയ്യാറാകാത്തതിന് എതിരെയാണ് പരാതികൾ ഉയരുന്നതെന്നും ഇത് മനസിലാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. തങ്ങളുടെ ജീവന് ആരാണ് സംരക്ഷണം നൽകുക എന്നതാണ് സാധാരണക്കാരന്റെ ചോദ്യം. നിരവധി ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഇന്ത്യയേക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങളും ലോകത്തുണ്ട്. അവിടെയൊന്നും റോഡുകൾ തകരാതെ ഇരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
റോഡപകടങ്ങളില്‍ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. എപ്പോള്‍ പുതിയൊരു കേരളം കാണാനാകുമെന്നും റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ നികുതി തരുന്നില്ലേയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നു.
കൊച്ചിയിലെ അനധികൃത ബോർഡുകള്‍ നീക്കം ചെയ്യാത്തതില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി കോര്‍പ്പറേഷൻ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരും.രാഷ്‌ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകള്‍ നീക്കം ചെയ്യാത്തതിലാണ് വിമർശനം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: