കോളജ് പഠനത്തിനു പിന്നാലെ നക്‌സലേറ്റായി വീട് വിട്ടു. രക്തരൂക്ഷിതമായ വിപ്ലവപ്പോരാട്ടവും കാത്തുള്ള ദിനങ്ങളായിരുന്നു പിന്നീട്. എന്നാല്‍ സഹോദരന്റെ അതിദാരുണമായ മരണം അദ്ദേഹത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ആ തിരിച്ചുവരവാണ് ഇന്ത്യന്‍ സിനിമയ്‌ക്ക് മിഥുന്‍ ചക്രവര്‍ത്തി എന്ന അത്ഭുതത്തെ സമ്മാനിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായും തട്ടുപൊളിപ്പന്‍ ബോളിവുഡ് ഹീറോ ആയും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച മിഥുന്‍ ദാ.
1976ല്‍ റിലീസ് ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി സിനിമയിലേക്ക് ചുവടുവെക്കുന്നത്. മൃണാള്‍ സെന്‍ സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തി നേടി. എന്നാല്‍ ആര്‍ട്ട് പടങ്ങളില്‍ മാത്രമായി ഒതുങ്ങാന്‍ മിഥുന് താല്‍പ്പര്യമുണ്ടായില്ല. മുഖ്യധാര സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ബോളിവുഡില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചു. ഇപ്പോള്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരിക്കുകയാണ്.
മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആദിവാസി യുവാവിന്റെ വേഷത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി എത്തിയത്. ബ്രിട്ടീഷ് ഇന്ത്യയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം പറഞ്ഞത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ്. കള്‍ട്ട് ക്ലാസിക് ആയി കണക്കാക്കുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം മിഥുന്റെ പ്രകടനം തന്നെയാണ്. ചിത്രത്തിലൂടെ മികച്ച നടനുള്ള ആദ്യ ദേശിയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കൂടാതെ മികച്ച സിനിമയ്‌ക്കുള്ള ദേശിയ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: