കൊച്ചി: കേരള യൂണിവേഴ്സിറ്റി യിൽ നാല് വർഷ FYUGP കോഴ്സുകൾ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി വൈസ് ചാൻസലർ കൺവീനർ ആകേണ്ട കമ്മിറ്റിയിൽ രാഷ്‌ട്രീയക്കാരൻ ആയ സിൻഡിക്കേറ്റ് പ്രതിനിധി ഷിജുഖാനെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്നും പ്രസ്തുത നിയമനം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിൽ രാഷ്‌ട്രീയ ഇടപെടൽ നടത്തുവാൻ ഉള്ള കളമൊരുക്കൽ ആണെന്നും ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം (ഉവാസ്) ആരോപിച്ചു.
ഷിജുഖാനെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണം എന്നും സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ ഇക്കാര്യത്തിൽ ഗവർണറുടെ ഇടപെടലുണ്ടാകണമെന്നും ഉവാസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. സുധീഷ് കുമാർ ആവശ്യപ്പെട്ടു.
കേരള സർവകലാശാലയിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യത ഇല്ലാത്ത വരെ തന്നെ അധ്യാപക നിയമനത്തിന്റെ അമരക്കാർ ആകുന്നത് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് തുല്യമാണെന്നും, അതു വഴി വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും പഠിക്കുവാൻ പോകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുജിസി നിർദ്ദേശങ്ങൾ നടപ്പിലാക്കിയിലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് അതു വഴി വയ്‌ക്കുമെന്ന വൈസ് ചാൻസലർ എന്ന നിലയിൽ ഡോ മോഹനൻ കുന്നുമ്മലിന്റെ അഭിപ്രായം മുഖ വിലക്ക് എടുക്കാതെ ഉള്ള, നീക്കം അപലപനീയമാണെന്ന് സംഘടനയുടെ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയം അതിന്റെ മുഴുവൻ അന്ത:സത്തയും ഉൾക്കൊണ്ട് നടപ്പിലാക്കത്തതിലുള്ള പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് സിൻഡിക്കേറ്റ് അംഗത്തെ തന്നെ അധ്യാപക നിയമനത്തിന്റെ അധികാരിയാക്കിയത് എന്നത് ദേശീയ വിദ്യാഭ്യാസനയത്തോടുള്ള സർക്കാറിന്റെ നിസ്സഹകരണമാണ് മറ നീക്കി പുറത്തു വരുന്നത്.
കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലെ പല പ്രധാന കമ്മിറ്റികളിലും സബ് കമ്മിറ്റികളിലും മറ്റു സംഘടനാ പ്രതിനിധികൾ ആയി ജയിച്ചു വന്നവരെ ഒഴിവാക്കി ഇടതുപക്ഷക്കാരെ മാത്രം കൺവീനർ സ്ഥാനത്ത് നിയമിച്ചു വരുന്ന പക്ഷപാതപരമായ നടപടികളിലും അധ്യാപക ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിന് പരാതി ഉണ്ട്.
ഇത്രയും അനധികൃത സ്വഭാവത്തിലുള്ള നിയമനങ്ങൾ നടന്നിട്ടും കേരളത്തിലെ വിദ്യാർത്ഥി – അധ്യാപക സംഘടനകൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ മൂല്യ ശോഷണത്തിന്, രാഷ്‌ട്രീയ സ്വജനപക്ഷാതതിന് ആക്കം കൂട്ടും എന്നേ കരുതുവാൻ സാധിക്കുകയുള്ളൂ എന്നും സംഘടന അഭിപ്രായപ്പെട്ടു.
ഗവർണറുടെ ഭാഗത്തുനിന്ന് ഈ കാര്യത്തിൽ നിയമപരമായ ഇടപെടൽ എത്രയും പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നതായും എറണാകുളത്ത് ചേർന്ന സംഘടനായോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: