Categories: News

അയ്യപ്പ ഭക്തര്‍ക്ക് എരുമേലി ക്ഷേത്രത്തില്‍ കുറി തൊടുന്നതിനും ഫീസ്

Published by

കോട്ടയം : ശബരിമല അയ്യപ്പഭക്തര്‍ക്ക് എരുമേലിയിലെ സ്‌നാനത്തിനുശേഷം പൊട്ടുകുത്തുന്നതും കഴുത്തറക്കുന്ന കച്ചവടമാക്കി മാറ്റിയ ദേവസ്വം ബോര്‍ഡ് . തീര്‍ത്ഥാടന കാലത്ത് ക്ഷേത്രത്തില്‍ കുളികഴിഞ്ഞെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചന്ദന കുറി തൊടുന്നതിനായി നടപന്തലില്‍ സൗകര്യം ഒരുക്കിയിരുന്നു. മേഖലയിലെ പ്രായമായ സ്ത്രീകളാണ് ഇത്തരത്തില്‍ കുറിതൊടല്‍ സൗകര്യം ഒരുക്കിയിരുന്നത്. ആ പരമ്പരാഗത സംവിധാനമാണ് ഇപ്പോള്‍ ബോര്‍ഡ് വാണിജ്യവല്‍ക്കരിച്ചിരിക്കുന്നത്.

എരുമേലി ക്ഷേത്രത്തിന് സമീപത്തെ ചന്ദന കുറി തൊടുന്നതിനുള്ള താത്കാലിക സ്റ്റാളുകള്‍ ലേലത്തില്‍ പോയത് ഒന്‍പത് ലക്ഷം രൂപക്കാണ് മൂന്ന് സ്റ്റാളുകളാണ് 9 ലക്ഷത്തിന് ലേലം കൊണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു സ്റ്റാളിന് 30000 രൂപ ആവിശ്യപ്പെട്ടപ്പോള്‍ ഇ ടെന്‍ഡര്‍ വഴി അപ്രതീക്ഷിത തുകയാണ് ലേലത്തില്‍ ലഭിച്ചത്. ഗുണമേന്മയുള്ള ചന്ദനം, ഭസ്മം, കുങ്കുമം എന്നിവ കരാറുകാര്‍ തന്നെ കൊണ്ടുവരണമെന്നാണ് കരാര്‍ വ്യവസ്ഥ.
ശബരിമല സീസണില്‍ തീര്‍ഥാടനത്തിന്റെ ആദ്യ പോയിന്റ് മുതല്‍ ഭക്ത ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കമാണ് പുറത്തുവരുന്നത്.

ഓരോ ഭക്തനില്‍ നിന്നും കഴിയുന്നത്ര തുക ഈടാക്കി ഖജനാവ് നിറയ്‌ക്കുക എന്ന ഏകലക്ഷ്യമാണ് അവിശ്വാസികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം ശ്രമിക്കുന്നതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു. പുതിയ ദേവസ്വംമന്ത്രി വന്നതോടെ വിശ്വാസികളെ പിഴിഞ്ഞെടുത്ത് ഭരണ നേതൃത്വത്തെ പ്രസാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇനി ശരണം വിളിക്കും നികുതി ചുമത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് എന്‍. ഹരി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by