ടെൽ അവീവ്: വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ലബനനില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രയേല്‍. തെക്കൻ ലെബനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ തകർത്തുവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വടക്കൻ അതിർത്തിയെ ഇസ്രയേൽ യുദ്ധമേഖലയായി പ്രഖ്യാപിക്കുകയും അതിർത്തി ഒഴിപ്പിക്കുകയും ചെയ്തു.
കരയുദ്ധത്തിന് തയാറാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു. രാത്രി മുഴുവന്‍ ബെയ്‌റൂട്ടില്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഇസ്രയേലിന് വെല്ലുവിളിയാകുന്ന ഭീകര സംഘടനകളെ തകർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് വ്യക്തമാക്കി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം കരവഴിയുള്ള യുദ്ധത്തിന് അനുമതി നൽകുകയായിരുന്നു. നൂറുകണക്കിന് യുദ്ധടാങ്കുകളാണ് ഹിസുബുള്ള ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്നത്.
ഞങ്ങളുടെ ലക്ഷ്യം ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങൾ മാത്രമാണെന്ന് ഇസ്രയേൽ സൈന്യം എക്സിലൂടെ അറിയിച്ചു. ഒരേ സമയം പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി ഭീകരരെയാണ് ഇസ്രയേല്‍ നേരിടുന്നത്. ഇറാന്റെ പരമോന്നത മത നേതാവ് ആയത്തുള്ള അലി ഖൊമേനി പോലും രഹസ്യ കേന്ദ്രത്തിലാണ്.
ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ഓഫീസിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നു. കോലയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍ (പിഎഫ്എല്‍പി) പറഞ്ഞു. തെക്കന്‍ ലെബനനിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വവും വ്യക്തമാക്കി. ഫത്ത ഷെരിഫ് അല്‍ അമിന്‍ ആണ് കൊല്ലപ്പെട്ടത്. പാലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: