കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിയെ പൊലീസ് ചോദ്യം ചെയ്തു. ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നടനെ ചോദ്യം ചെയ്തത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലും പരാതിയിലും നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
യുവതിയുടെ പരാതി സിനിമ മേഖലയിൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും കേസിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.
ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം നടനെ ചോദ്യം ചെയ്തത്. യുവതി പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താൻ കൊച്ചിയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന്റെ രേഖകളും എസ്ഐടിക്ക് കെെമാറിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു നിവിൻ എന്നതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിയിലെ സെറ്റിൽ നടൻ ഉണ്ടായിരുന്നെന്ന കാര്യം വിനീത് ശ്രീനിവാസനും അഭിനയത്രിയും അവതാരകയുമായ പാർവ്വതിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
നടൻ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നത്. സെക്ഷൻ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ 6-ാം പ്രതിയാണ് നിവിൻ പോളി. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റു പ്രതികൾ.
നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ടും മറ്റ് യാത്രരേഖകളും കേസ് അന്വേഷണത്തിന്റെ ഭാഗമായി സംഘം ശേഖരിച്ചതിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ദുബായിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് നേര്യമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി .2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വെച്ച് അതിക്രമം നടന്നെന്നാണ് പരാതിയിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: