പത്തനംതിട്ട: ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധമാക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.
2024 സപ്തംബര്‍ 11-ലെ നടപടി ഉത്തരവിലാണ് നിര്‍ദേശമുള്ളത്. ഡ്യൂട്ടി സമയം മുഴുവന്‍ അക്രെഡിറ്റേഷന്‍ കാര്‍ഡ് കൈവശം ഉണ്ടാകണമെന്നും ബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനു ഹിതകരമല്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു ദൃശ്യ, ശ്രാവ്യ, പത്രലേഖകരെ തടയുക എന്ന ഗൂഢലക്ഷ്യമാണ് പുതിയ നടപടി ഉത്തരവിനു പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം.
ശബരിമലയിലേക്ക് റിപ്പോര്‍ട്ടര്‍മാരെ അയക്കുന്ന മാധ്യമസ്ഥാപനം നടതുറക്കുന്നതിനു 15 ദിവസം മുമ്പ് പ്രത്യേക ഡിക്ലറേഷന്‍ ഫോം ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഈ ഡിക്ലറേഷന്‍ ഫോമിനൊപ്പം മാധ്യമപ്രവര്‍ത്തകന്റെ അക്രഡിറ്റേഷന് കാര്‍ഡിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.
ഇങ്ങനെ ലഭിക്കുന്ന ഡിക്ലറേഷന്‍ ഫോമും അനുബന്ധ രേഖകളും നടതുറക്കുന്നതിന് ഒരാഴ്ച മുമ്പ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, സൂപ്രണ്ട് ഓഫ് പോലീസ് (വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി)ക്ക് കൈമാറണം. ശബരിമലയിലേക്കെത്തുന്ന റിപ്പോര്‍ട്ടര്‍ എസ്പി മുമ്പാകെ ഹാജരായി യഥാര്‍ത്ഥ അക്രഡിറ്റേഷന് കാര്‍ഡും മറ്റ് അസല്‍ രേഖഖളും പരിശോധനക്കായി സമര്‍പ്പിക്കണം. ഇവ പരിശോധിച്ചു ബോധ്യപ്പെടേണ്ട ചുമതല വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എസ്പിക്കാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിക്കുന്ന മുറികളില്‍ നിര്‍ദ്ദിഷ്ട മാധ്യമപ്രവര്ത്തകന് അല്ലാതെ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്താന്‍ സെക്കന്‍ഡ് ഗ്രേഡ് സബ്ഗ്രൂപ്പ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നട തുറക്കുന്ന ദിവസങ്ങളില്‍ കെയര്‍ടേക്കറായി ദേവസ്വം കമ്മിഷണര്‍ നിയമിക്കണമെന്നും നടപടി ഉത്തരവില്‍ പറയുന്നു.
മാധ്യമസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന മുറികള്‍, അത് ഉപയോഗിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ അക്കോമഡേഷന്‍ സ്പെഷല്‍ ഓഫീസര്‍ക്ക് ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ നിര്‍ദേശം നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: