ന്യൂദല്‍ഹി: മലയാള സിനിമയില്‍ മാത്രമല്ല പീഡന പരാതികള്‍ ഉയരുന്നതെന്ന് സുപ്രീംകോടതി. നടന് സിദ്ദിഖ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. മറ്റ് പല മേഖലകളില്‍ നിന്നും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരാറുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മലയാള സിനിമയുമായി ബന്ധപ്പെട്ട് 27 ലൈംഗിക പീഡന പരാതികളാണ് ഉയര്‍ന്നതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈ പരാമര്‍ശം ഉണ്ടായത്.
സിദ്ദിഖ് ബലാത്സംഗം ചെയ്തെന്ന് ആരോപിക്കപ്പെടുന്നത് 2016ല്‍ ആണ്. എന്നാല്‍ പരാതി നല്കാന് എട്ട് വര്‍ഷം വൈകിയത് എന്തുകാണ്ടാണെന്ന് സംസ്ഥാന സര്‍ക്കാരിനോടും അതിജീവിതയോടും സുപ്രീംകോടതി ആരാഞ്ഞു. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്‍ താരം ആയിരുന്നുവെന്നും അതിനാല്‍ സിനിമയിലെ തുടക്കക്കാരി എന്ന നിലയില്‍ അക്കാലത്ത് പരാതി ഉന്നയിക്കാന്‍ അതിജീവിതയ്ക്ക് പരിമിതി ഉണ്ടായിരുന്നുവെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും അതിജീവിതയുടെയും അല്ലാതെ മറ്റൊരു കക്ഷിയുടെയും വാദം കേള്‍ക്കില്ലെന്നും ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കി. പൊതുതാത്പര്യ ഹര്‍ജി അല്ലെന്ന് തടസഹര്‍ജി നല്കിയ രണ്ട് പേരോട് കോടതി വ്യക്തമാക്കി.
സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മെറിന് ജോസഫ് ഇന്നലെ കേസ് നടപടികള്‍ വീക്ഷിക്കുന്നതിനായി കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ കോടതി ഉത്തരവിനോട് പ്രതികരിക്കുന്നില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി തീരുമാനം വലിയ ആശ്വാസം നല്കുന്നതല്ലെന്നായിരുന്നു സിദ്ദിഖിന്റെ മകന് ഷഹീന് സിദ്ദിഖിന്റെ പ്രതികരണം. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാനാകില്ല. അഭിഭാഷകനുമായി സംസാരിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഷഹീന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: