ബന്ദിപ്പൂര്‍: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരോധിത ജമാഅത്തെ ഇസ്ലാമി സംഘടനയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നത് കാലില്‍ ജിപിഎസുമായി. ബന്ദിപ്പൂര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിക്കന്ദര്‍ മാലിക്കാണ് പ്രത്യേക ജിപിഎസ് ട്രാക്കര്‍ കാലില്‍ ചുറ്റി പ്രചാരണം നടത്തുന്നത്.
ജമാഅത്തെയുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സിക്കന്ദര്‍ മാലിക്കിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. നിലവില്‍ ഈ കേസില്‍ ജാമ്യത്തിലാണിയാള്‍. നാല് മാസമായി ഇയാള്‍ ജിപിഎസ് ട്രാക്കര്‍ ധരിച്ചാണ് നടക്കുന്നത്. ഇതില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ കേസില്‍ ജാമ്യത്തിലിറങ്ങിയെങ്കിലും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജിപിഎസ് ധരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പ്രതികരിച്ചത്. ഇതിനെതിരെയും ജമാഅത്തെയുടെ നിരോധനം നീക്കുന്നതിനും കോടതിയെ സമീപിക്കുമെന്നും മാലിക് പ്രതികരിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാരോപിച്ച് 2019ലാണ് യുഎപിഎ പ്രകാരം ജമാഅത്തെയ്‌ക്ക് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തുന്നത്. പിന്നീട് ഈ വര്‍ഷമാദ്യം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതോടെയാണ് ജമാഅത്തെയ്‌ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവാതെ വന്നത്. അതിനാല്‍ സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രരായി മത്സരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: