ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭരണഘടനയുടെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്.
കോണ്‍ഗ്രസ് കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി കത്വയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് എക്കാലവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മികച്ച ഭരണവും രാജ്യത്തിന്റെ പുരോഗതിയും മാത്രമാണ് മോദി സര്‍ക്കാരിന്റെ പ്രധാന അജണ്ടകള്‍. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ അവരുടെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും മൗനത്തിലാണ്.
2019 ആഗസ്ത് 5നായിരുന്നു രാജ്യത്തിന്റെ ആ സുപ്രധാന ദിനം. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റദ്ദാക്കി. അത് കോണ്‍ഗ്രസിന് ഒരിക്കലും പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പരാമര്‍ശത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിമര്‍ശിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പങ്കെടുത്തു. കശ്മീരിലെ മാറ്റങ്ങളുടെ തുടക്കമാണിത്. ഇന്ന് കശ്മീരിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: