കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കര് മെഡി. കോളജ് ആശുപത്രിയിലെ പിജി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ വീണ്ടും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍. തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിക്ക് 10 ദിവസം മുന്‍പ് കൈമാറി. എന്നാല്‍ അതില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല, ഡോക്ടര്‍മാര്‍ അറിയിച്ചു.
ആര്‍ജി കര് ആശുപത്രിയിലേതിന് സമാനമായി മറ്റ് ആശുപത്രികളിലും സംഭവങ്ങളുണ്ടാകുന്നു. ഇനിയും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമരം വീണ്ടും ആരംഭിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആര്‍ജി കര് മെഡി. കോളജില്‍ നിന്ന് ശ്യാംബസാറിലേക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
കോടതി അടുത്ത ദിവസം ഈ കേസ് പരിഗണിക്കുന്നുണ്ട്. അതിന് ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. നീതി ലഭിക്കാത്തപക്ഷം സമരം കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം. രോഗികളെ കരുതിയാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇതിനിടയിലും സമാനമായ സംഭവം സാഗര്‍ ദത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായി. സുരക്ഷ ഉറപ്പാക്കാതെ ഇനിയും ഇതേപോലെ ജോലിക്ക് വരാനാകില്ല. സുപ്രീംകോടതിയില്‍ വിശ്വാസമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: