Kerala

പ്രഭാവര്‍മയ്‌ക്ക് സരസ്വതി സമ്മാന്‍ സമര്‍പ്പണം ഒക്‌ടോബര്‍ മൂന്നിന്

Published by

തിരുവനന്തപുരം: കവി പ്രഭാവര്‍മയ്‌ക്ക് കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ പുരസ്‌കാരം ഒക്‌ടോ. 3ന് വൈകിട്ട് 5.30ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠം ജേതാവ് ഡോ. ദാമോദര്‍ മൗജോ സമ്മാനിക്കും. ഡോ. കെ.ജെ. യേശുദാസ് പ്രഭാസന്ധ്യ ഉദ്ഘാടനം ചെയ്യും. ബിര്‍ള ഫൗണ്ടേഷന്‍ പ്രതിനിധി സുരേഷ് ഋതുപര്‍ണ, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡോ. ബി. സന്ധ്യ, ഡോ. ജി. രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഉണ്ണിമേനോന്‍, സുദീപ്കുമാര്‍, രാജലക്ഷ്മി, നിത്യ മാമ്മന്‍, അപര്‍ണ രാജീവ്, കല്ലറ ഗോപന്‍, സിത്താര ബാലകൃഷ്ണന്‍, അശ്വതി തുടങ്ങി ഗായകരും നര്‍ത്തകരും കലാസന്ധ്യയില്‍ അണിനിരക്കും.

സരസ്വതി സമ്മാന്‍ സമര്‍പ്പണത്തിന്റെ മുന്നോടിയായി കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും ‘ദൃശ്യപ്രഭ’ എന്ന പേരില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കേരള ലളിത അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ എക്‌സിബിഷന്‍ ഇന്ന് രാവിലെ 11 ന് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘാടക സമിതിയുടെ സ്‌നേഹോപഹാരം മുന്‍ മന്ത്രി എം.എ. ബേബി കവി പ്രഭാവര്‍മയ്‌ക്ക് സമ്മാനിക്കും.

നാളെ രാവിലെ 10.30 മുതല്‍ വൈകീട്ട് 4 വരെ കാവ്യപ്രഭ എന്ന പേരില്‍ പ്രഭാവര്‍മ കവിതകളെപ്പറ്റി സെമിനാറും ആശയസംവാദവും നടക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. വൈകിട്ട് 6 ന് പ്രഭാവര്‍മയുടെ ശാസ്ത്രീയ സംഗീത കൃതികള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഡോ. കെ.ആര്‍. ശ്യാമ നയിക്കുന്ന സംഗീതസദസും ഉണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by