മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ പിരിഞ്ഞു. അത്ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മില്‍ നടന്ന പോരാട്ടമാണ് നാടകീയതകള്‍ക്കൊടുവില്‍ 1-1ന് സമനിലയില്‍ കലാശിച്ചത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറിയയുടെ ഗോളാണ് അത്ലറ്റികോയ്ക്ക് സമനില സമ്മാനിച്ചത്. റയല്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോക്ക് നേരെ കാണികള്‍ ലൈറ്ററുകള്‍ അടക്കമുള്ള വസ്തുക്കള്‍ എറിഞ്ഞതിനെ തുടര്‍ന്ന് മത്സരം 20 മിനിറ്റോളം നിര്‍ത്തിവയ്ക്കേണ്ടി വന്നു. റയലിനായി 64-ാ, മിനിറ്റില്‍ എഡര്‍ മിലിറ്റാവോയും ലക്ഷ്യം കണ്ടു.
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് റയല്‍ ഇറങ്ങിയത്. പന്തടക്കത്തിലും ഷോട്ടുകളിലുമെല്ലാം ഒപ്പത്തിനൊപ്പം ആയിരുന്ന മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് റയല്‍ ഗോള്‍മുഖത്ത് ഭീതി വിതച്ചെങ്കിലും ഷോട്ട് ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോ തട്ടിയൊഴിവാക്കി. പിന്നാലെ റയല്‍ തുടര്‍ച്ചയായി എതിര് ബോക്സില്‍ ഭീഷണിയുയര്‍ത്തി. 17-ാം മിനിറ്റില്‍ വാല്‍വെര്‍ഡെയുടെ ഷോട്ട് അത്ലറ്റിക്കോ ഗോള്‍കീപ്പര്‍ ജോണ്‍ ഒബ്ലാക് മുഴുനീളെ പറന്ന് രക്ഷപ്പെടുത്തി. പിന്നാലെ ഷുവാമെനിയുടെയും ബെല്ലിങ്ഹാമിന്റെയും റോഡ്രിഗോയുടെയുമെല്ലാം ശ്രമങ്ങളും ലക്ഷ്യം കാണാതെ പോയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോളാണ് രണ്ട് ടീമുകളും നടത്തിയത്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 64-ാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. അവര്‍ക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലൂക്ക മോഡ്രിച്ച് വിനീഷ്യസിന് കൈമാറി. താരത്തിന്റെ സൂപ്പര്‍ ക്രോസ് കാത്തുനിന്ന എഡര്‍ മിലിറ്റാവോ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാണികള്‍ തനിക്ക് നേരെ ചില വസ്തുക്കള്‍ എറിഞ്ഞതായി റയല്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോ പരാതിപ്പെട്ടു. തുടര്‍ന്ന് ഇരു മാനേജര്‍മാരുമായും സംസാരിച്ച ശേഷം റഫറി മത്സരം അല്പസമയത്തേക്ക് നിര്‍ത്തിവെച്ചു. കാണികളോട് ശാന്തമാകാന്‍ മൈക്കിലൂടെ അഭ്യര്‍ഥന വരുകയും അത്ലറ്റികോ പരിശീലകന് ഡിയേഗോ സിമിയോണിയും താരങ്ങളുമെല്ലാം ഇതിനായി ശ്രമിക്കുകയും ചെയ്തു. 20 മിനിറ്റിന് ശേഷമാണ് താരങ്ങള്‍ കളത്തില്‍ തിരിച്ചെത്തിയത്.
തുടര്‍ന്ന് കളി പുനരാരംഭിച്ചയുടന്‍ വിനീഷ്യസ് റയലിന്റെ ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ഷോട്ട് അത്ലറ്റികോ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. പിന്നാലെ അത്ലറ്റികോയുടെ നീക്കം റയല്‍ ഗോള്‍കീപ്പറും അത്യുജ്വല മെയ്വഴക്കത്തോടെ കുത്തിത്തെറിപ്പിച്ചു. തൊട്ടുപിന്നാലെ ഗ്രീസ്മാന്റെ ഫ്രീകിക്ക് ക്രോസ്ബാറിലുരുമ്മി പുറത്തേക്ക് പറന്നു. ഇതോടെ റയല്‍ മാഡ്രിഡ് വിജയമുറപ്പിച്ചു നില്‍ക്കെയാണ് അത്ലറ്റികോയുടെ സമനില ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഹാവി ഗലാന്‍ നല്കി പാസില്‍നിന്ന് എയ്ഞ്ചല്‍ കൊറിയ റയല്‍ വലയില്‍ പന്തെത്തിച്ചു. റയല്‍ താരങ്ങള്‍ ഓഫ്സൈഡ് വാദമുയര്ത്തിയെങ്കിലും വിഎആര്‍ പരിശോധനയില്‍ ഗോളുറപ്പിച്ചു. കളി അവസാനിക്കാനിരിക്കെ എതിര് താരത്തെ മാരകമായി ഫൗള്‍ ചെയ്തതിന് അത്ലറ്റികോ താരം മാര്‍കോസ് ലോറന്റെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: