ന്യൂഡല്‍ഹി: വഖഫ് ബില്‍ പിന്‍വലിക്കണമെന്ന് കേരള സര്‍ക്കാരിന് വേണ്ടി സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി അബ്ദുള്‍ റഹ്മാന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജ്ജുവിനെ നേരില്‍കണ്ട് ആവശ്യപ്പെട്ടു. വഖഫ് സ്വത്ത് പൊതുസത്തായി കരുതാന്‍ കഴിയില്ലെന്നും ഇസ്ലാമിക സങ്കല്പമാണെന്നും മുസ്ലിം വ്യക്തി നിയമം അത് അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല. ഫെഡറല്‍ തത്വങ്ങള്‍ക്കും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അധികാര വിഭജന തത്വത്തിനും ബില്‍ എതിരാണ്. സമ്പൂര്‍ണ്ണ ഭേദഗതിയുടെ ആവശ്യം എന്താണെന്നും വ്യക്തമാക്കിയിട്ടില്ല. ബില്‍ ഭരണഘടനാ വിരുദ്ധവും വ്യക്തി നിയമത്തിന് എതിരുമാണ്. എന്നിങ്ങനെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന പൊതുപട്ടികയില്‍ പെടുന്നതിനാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: