ന്യൂദല്‍ഹി: നടിയായ പെണ്‍കുട്ടി കേസ് നല്‍കുന്നതിനെടുത്ത എട്ട് വര്‍ഷത്തെ കാലതാമസവും സിദ്ദിഖിന്റെ പ്രശസ്തിയും താരത്തിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് തുണയായി.
സിദ്ദിഖിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ മുകുള്‍ രോഹ്തഗിയുടെ വാദം ഇങ്ങിനെയായിരുന്നു:”സിദ്ദിഖിന് ജാമ്യം നല്‍കണമെന്നും സ്ത്രീപീഡനപരാതിയില്‍ മറ്റ് രണ്ട് പേര്‍ക്ക് (മുകേഷ്, ഇടവേള ബാബു) ജാമ്യം നല്‍കിയപ്പോള്‍ തന്റെ കക്ഷിക്ക് മാത്രമാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. 2024ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ഈ പരാതി. എന്തോ ചില ഫേസ് ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഇത്. തന്റെ കക്ഷി അറിയപ്പെടുന്ന ഒരു സിനിമാതാരമാണ്. മലയാളത്തിലെ അറിയപ്പെടുന്ന നടൻ ഏതുഘട്ടത്തിലും ലഭ്യമാകുമെന്നും എവിടേക്കും ഓടിപ്പോകില്ല.”
നടിക്ക് വേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷക വൃന്ദ ഗ്രോവറാണ്. അവരുടെ വാദം ഇങ്ങിനെ പോകുന്നു: “സിദ്ദിഖിന്റെ സ്വഭാവം നോക്കൂ. 2014ല്‍ പെണ്‍കുട്ടിക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് പെണ്‍കുട്ടിയെ ബന്ധപ്പെട്ടത്. അവളുടെ ഫോട്ടോ ഇഷ്ടമായി എന്ന് പറഞ്ഞാണ് ബന്ധപ്പെട്ടത്. 2016ല്‍ ഒരു സിനിമയുടെ പ്രിവ്യൂവിന് വിളിച്ചു. പിന്നീട് ഹോട്ടലില്‍ ആണ് ആരോപണവിധേയമായ സംഭവം നടന്നത്.”
സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി മുന്‍ കൂര്‍ ജാമ്യം നല്‍കിയതിനെ എതിര്‍ത്തു. 365 മലയാളം സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം കുറ്റവാളികളെക്കുറിച്ച് പറയാന്‍ പാടില്ലേ?”- ഐശ്വര്യ ഭാട്ടി ചോദിച്ചു. .മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ ഇറക്കാനായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെങ്കിലും പിന്നീട് വനിതാ അഭിഭാഷകയെ നിയോഗിക്കാമെന്ന നിലപാടെടുക്കുകയായിരുന്നു.
വാദം കേട്ട സുപ്രീംകോടതി ബെഞ്ച് കേസ് നല്‍കാനുണ്ടായ എട്ട് വര്‍ഷത്തെ കാലതാമസത്തെക്കുറിച്ച് ആരാഞ്ഞു. “കോടതിയില്‍ പരാതി നല്‍കുന്നതില്‍ നിന്നും എട്ട് വര്‍ഷമായി നിങ്ങളെ തടഞ്ഞത് എന്താണ്?”-ജസ്റ്റിസ് ബേല ത്രിവേദി ചോദിച്ചു. കേസിൽ കക്ഷിചേരാൻ ശ്രമിച്ച കേസുമായി ബന്ധമില്ലാത്തവരെ സുപ്രീംകോടതി ശാസിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷകനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.മുന്‍കൂര്‍ ജാമ്യം അനുവദിച്ച സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടയുകയും ചെയ്തു.
സെപ്തംബര്‍ 24നാണ് ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ തെളിവുകള്‍ സൂചിപ്പിക്കുന്നത് സിദ്ദിഖിന് ഇതില്‍ പങ്കുണ്ടെന്നായിരുന്നുവെന്നായിരുന്നു ജസ്റ്റിസ് സി.എസ്. ഡയസിന്റെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക