അഗർത്തല : ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന തുടർച്ചയായ അതിക്രമങ്ങളെ അപലപിച്ച് ബംഗ്ലാദേശ് ന്യൂനപക്ഷ സംരക്ഷണ ഫോറം ഞായറാഴ്ച അഗർത്തലയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അഗർത്തല പ്രസ് ക്ലബ്ബിൽ നിന്ന് ആരംഭിച്ച മാർച്ചിൽ മാധ്യമപ്രവർത്തകർ, ക്ലബ് അംഗങ്ങൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സമീപകാല സംഭവത്തിന്റെ പ്രതികരണമായിട്ടാണ് ബംഗ്ലാദേശ് ന്യൂനപക്ഷ സംരക്ഷണ ഫോറത്തിന്റെ ബാനറിന് കീഴിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇത് തങ്ങളുടെ പ്രതിഷേധത്തിന്റെ ആദ്യഘട്ടം മാത്രമാണെന്നും ഗവർണർ മുഖേന പ്രധാനമന്ത്രിക്ക് ഒരു മെമ്മോറാണ്ടം അയയ്‌ക്കുമെന്നും മുതിർന്ന മാധ്യമപ്രവർത്തകനായ പ്രണവ് സർക്കാർ പറഞ്ഞു.
പ്രതിഷേധയാത്ര നഗരത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ച് അഗർത്തലയിലെ രബീന്ദ്ര ഭവന് മുന്നിൽ സമാപിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് ജയന്ത ഭട്ടാചാര്യ, മുതിർന്ന പത്രപ്രവർത്തകരായ സുബൽ കുമാർ ഡേ, പ്രണബ് സർക്കാർ എന്നിവരും ചടങ്ങിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച മറ്റ് മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
ബംഗ്ലാദേശ് സർക്കാരിൽ വന്ന മാറ്റങ്ങളെത്തുടർന്ന് ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കും നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ആഴത്തിലുള്ള ആശങ്കയുണ്ടെന്ന് അഗർത്തല പ്രസ് ക്ലബ് പ്രസിഡൻ്റ് ജയന്ത ഭട്ടാചാരി പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തെ തകർക്കാൻ ബോധപൂർവമായ പദ്ധതിയുണ്ടെന്ന് തോന്നുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ ന്യൂനപക്ഷം ഹിന്ദുക്കളാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് തങ്ങൾ ആവശ്യപെടുന്നു.
നിലവിലെ ബംഗ്ലാദേശ് സർക്കാരിന് തീവ്രവാദ സംഘടനകൾ ധനസഹായം നൽകുന്നുണ്ടെന്നും മുസ്ലീം മതമൗലികവാദത്താൽ നയിക്കപ്പെടുന്ന ഹിന്ദു വിരുദ്ധ അജണ്ട അവർക്കുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേ സമയം 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് 5 ന് രാജിവച്ചിരുന്നു. തുടർന്ന് രാജ്യ വ്യാപകമായി നടന്ന അതിക്രമങ്ങളിൽ ഹിന്ദു കുടുംബങ്ങൾക്കും ക്ഷേത്രങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പിന്നീട് നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഓഗസ്റ്റ് 8 ന് അധികാരമേറ്റെടുത്തെങ്കിലും രാജ്യത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരുന്നു. ജനങ്ങളെ സംരക്ഷിക്കാൻ പോലീസുകാരില്ലാത്ത അവസ്ഥയിൽ വിദ്യാർത്ഥികളാണ് ട്രാഫിക് അടക്കമുള്ള കാര്യങ്ങളിൽ നിയമപാലകരായത്.
സാഹചര്യം ഗുരുതരമായതോടെ ന്യൂനപക്ഷ സമുദായങ്ങളുടെ നേതാക്കൾ ഓഗസ്റ്റ് 13 ന് യൂനസിനെ കാണുകയും അവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചു.
ഇതിനു പുറമെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂനസിനോട് ആഹ്വാനം ചെയ്യുകയും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: