തൃശൂര്‍ : സിപിഎമ്മിന് താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനാകാഞ്ഞത് അഭിപ്രായഭിന്നത മൂലം. പ്രകാശ് കാരാട്ടിനെ കോര്‍ഡിനേറ്റര്‍ ആയി തീരുമാനിച്ചുവെങ്കിലും ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞു കിടക്കും. സീതാറാം യെച്ചൂരി അകാലത്തില്‍ അന്തരിച്ചതോടെയാണ് പകരം ജനറല്‍ സെക്രട്ടറിക്ക് വേണ്ടിയുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമായത്.
യെച്ചൂരിയുടെ സ്വാഭാവിക പിന്‍ഗാമി എന്ന നിലയില്‍ പരിഗണിക്കപ്പെട്ടത് എം.എ. ബേബിയുടെ പേരാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കേരള രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് എം.എ.ബേബിയെ സിപിഎം പറിച്ചുനട്ടത് അടുത്ത ജനറല്‍ സെക്രട്ടറിയാക്കാനാണ്. എന്നാല്‍ ബേബിയുടെ പേരിനോട് കേരള ഘടകം യോജിപ്പ് പ്രകടിപ്പിക്കാഞ്ഞതാണ് വിനയായത്.
പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകം എം.എ.ബേബിക്ക് എതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. അടുത്തവര്‍ഷം നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാമെന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ധാരണ. ഈ നിലയ്ക്ക് അടുത്ത വര്‍ഷവും എം.എ. ബേബിക്ക് ജനറല്‍ സെക്രട്ടറി പദം കിട്ടാക്കനിയാകാനുമിടയുണ്ട്.
2012 ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് എം.എ.ബേബി പിബിയിലെത്തുന്നത്. 2016 ല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായതോടെ ബേബിയുടെ പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയിലേക്ക് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചു. പിണറായിയുമായി അകല്‍ച്ചയിലായിരുന്ന ബേബിയെ ദല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നില്‍ പാര്‍ട്ടിക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന് കേരളത്തില്‍ പിണറായിയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുക. രണ്ട് യെച്ചൂരിക്ക് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചുമതല ഏല്‍പ്പിക്കുക. ഇതില്‍ ആദ്യത്തെ ദൗത്യം വിജയിച്ചു. രണ്ടാമത്തെ ദൗത്യം വിജയിക്കുമോയെന്നറിയാന്‍ അടുത്ത വര്‍ഷം ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെ കാത്തിരിക്കണം.
മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള പേരുകള്‍ ചര്‍ച്ചയില്‍ വന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളില്‍ ആരും ബേബിക്ക് പിന്തുണ നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. പിണറായി വിജയനും ബേബിക്കും പുറമേ എം.വി. ഗോവിന്ദനും എ. വിജയരാഘവനുമാണ് കേരളത്തില്‍നിന്ന് പിബിയിലുള്ളവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: