കോട്ടയം: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്ക് 1.86 കോടി രൂപ നഷ്ടമായി. സിബിഐയുടെ ഓഫീസില്‍ നിന്നാണെന്നുപറഞ്ഞ് വിളിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും തുടര്‍ന്ന് വാട്സാപ്പില്‍ വീഡിയോ കോളില്‍ യൂണിഫോമിലുള്ള ഒരാള്‍ എത്തുകയും ബാങ്ക് ഡീറ്റെയില്‍സ് വാങ്ങുകയും ചെയ്തു. മുംബൈയിലുള്ള വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി കണ്ടെത്തിയെന്നായിരുന്നു പറഞ്ഞത്. ഒരു വ്യാജ അറസ്റ്റ് വാറണ്ട് കാണിക്കുകയും ചെയ്തു. ഭയന്നു പോയ
വീട്ടമ്മയോട് പണം തന്നാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞു. കാര്യങ്ങള്‍ മറ്റാരേയെങ്കിലും അറിയിച്ചാല്‍ വിദേശത്തുള്ള മക്കളുടെ ജോലി തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പലതവണകളായി 1,86,62,000 രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയാണുണ്ടായത്.
പണം കൈമാറിയതിനുശേഷം തട്ടിപ്പുകാരുടെ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: