മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം. ചാപ്പനങ്ങാടി സ്വദേശി തെക്കത്ത് നാസറിന്റെ മകള്‍ ഇഫയാണ് (മൂന്ന്) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം.
പടപ്പറമ്പ് മൂച്ചിക്കല്‍ പുളിവെട്ടി ജാറത്തിനു സമീപമായിരുന്നു അപകടം. ടാങ്കര്‍ ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ മുന്‍സീറ്റില്‍ ഉമ്മയുടെ മടിയിലിരിക്കുകയായിരുന്നു കുഞ്ഞ്. ഇടിയെ തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുടുങ്ങുകയും എയര്‍ബാഗ് മുഖത്തമര്‍ന്ന് ശ്വാസം തടസ്സപ്പെടുകയുമായിരുന്നു. പ്രവാസിയായ നാസര്‍ രണ്ടു ദിവസം മുമ്പാണ് ബന്ധുവിന്റെ നിക്കാഹിനോടനുബന്ധിച്ച് നാട്ടിലെത്തിയത്.
നിക്കാഹുമായി ബന്ധപ്പെട്ട ചടങ്ങിന് പോയി തിരിച്ചുവരവെയാണ് അപകടം. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. കൂടെ കാറിലുണ്ടായിരുന്ന നാസറിന്റെ സഹോദരിയുടെ മകള്‍ക്ക് നിസ്സാര പരിക്കേറ്റു. മറ്റാര്‍ക്കും പരിക്കില്ല. കൊളത്തൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
ഇഫയുടെ മാതാവ്: റംഷീന കുഴിമാട്ടില്‍ കളത്തില്‍ (കോട്ടക്കല്‍). സഹോദരങ്ങള്‍: റൈഹാന, അമീന്. മൃതദേഹം പെരിന്തല്‍മണ്ണ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: