അമരാവതി : ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫ് അലി ശനിയാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് വീണ്ടും നിക്ഷേപം പുതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യൂസഫ് അലിയുടെ സന്ദർശനമെന്നാണ് വിവരം. മുഖ്യമന്ത്രി നായിഡുവിന്റെ ഉണ്ടവള്ളിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപം നടത്താനുള്ള അവസരങ്ങളെ സംബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. വിശാഖപട്ടണത്ത് മൾട്ടിപ്ലക്‌സിനൊപ്പം ഒരു മാളും വിജയവാഡയിലും തിരുപ്പതിയിലും ഹൈപ്പർമാർക്കറ്റും മൾട്ടിപ്ലക്‌സും വികസിപ്പിക്കുന്നതിനെക്കുറിച്ചും ആശയ വിനിമയം നടത്തി.
കൂടാതെ സംസ്ഥാനത്തിനകത്ത് ഭക്ഷ്യ സംസ്കരണ വ്യവസായത്തിൽ നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചു. ഇതിനു പുറമെ ലുലു ഗ്രൂപ്പ് ചെയർമാനുമായി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ മുഖ്യമന്ത്രി നായിഡു വിശദമാക്കുകയും സംസ്ഥാനത്ത് ബിസിനസ്സ് ചെയ്യുന്നതിനുള്ള പദ്ധതിക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
ആന്ധ്രാപ്രദേശിൽ നിക്ഷേപം നടത്താനുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ താൽപ്പര്യത്തെ മുഖ്യമന്ത്രി കൂടുതൽ അഭിനന്ദിച്ചു. സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിക്കുന്ന പുതിയ നയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും മുഖ്യമന്ത്രി പങ്കുവെക്കുകയും സംസ്ഥാനത്തെ മൂന്ന് മേഖലകളിൽ നിക്ഷേപം നടത്താൻ താൽപര്യം കാണിച്ചതിന് ലുലു ഗ്രൂപ്പ് ചെയർമാനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: