ഗണേഷ് പുത്തൂര്‍
1
ഒരു മുത്തശ്ശി
കൊളുത്തിവെച്ച
നിലവിളക്കിന് അടുത്തിരുന്ന്
കഥകള്‍ പറഞ്ഞുതരുന്നു,
ചുറ്റും പരന്ന പ്രകാശത്തില്‍
മാഞ്ഞുപോകുന്ന ഇരുട്ട്.
2
ക്ഷേത്രത്തിലെ വെളുത്ത മണല്‍ത്തരികളില്‍
ഞങ്ങള്‍ ആദ്യാക്ഷരം കുറിച്ചു.
എത്രയോ മഴപെയ്തു തോര്‍ന്നിട്ടും
എഴുതിയതെല്ലാം ഇപ്പോഴും
മായാതെ നില്‍ക്കുന്നു.
ഇടയ്‌ക്കിടയ്‌ക്ക് മാത്രം വീഴുന്ന
അരയാലിന്റെ ഇലകള്‍..
3
ഒരു കയ്യില്‍ നിറയെ വെണ്ണയുമായി
നിര്‍ത്താതെ ഓടുന്നു കാലം
മുടിയില്‍ ചൂടിയ മയില്‍പ്പീലി
പൊട്ടിച്ചിട്ട മണ്‍കുടങ്ങല്‍.
വായ തുറക്കുമ്പോള്‍ കാണാം പ്രപഞ്ചം
ആവുന്നു സര്‍വ്വരും അമ്പാടിബാലന്മാര്‍.
4
കായല്‍ക്കരയിലെ ചങ്ങാടം
തുഴച്ചില്‍കാരനില്ലാതെ
ഒരു വടത്തില്‍ കുരുങ്ങിക്കിടക്കുന്നു.
അരുകിലായ് ഒരു പുതുപാലം
നിറയെ വണ്ടികള്‍ നിര്‍ത്താതെ പായുന്നു.
ആ വള്ളത്തിലെ തുഴച്ചില്‍കാരനോട് തിരക്കണം
ഏകാന്തത കവിതയാണോ എന്ന് …
പ്രതികരിക്കാൻ ഇവിടെ എഴുതുക: