എം. ശ്രീധരന് വരവൂര്‍
ഒരിടത്ത് ഒരലക്കുകാരനുണ്ടായിരുന്നു. അയാള്‍ക്കൊരു കഴുതയും. ആ കഴുതപ്പുറത്തുവെച്ചാണ് അയാള്‍ അലക്കാനുള്ള വസ്ത്രങ്ങള്‍ പുഴവക്കിലേക്ക് കൊണ്ടുപോകാറ്. ഒരു ദിവസം പതിവുപോലെ പോകാനൊരുങ്ങിയപ്പോള്‍ കഴുത നടക്കാന്‍ കൂട്ടാക്കിയില്ല. അയാള്‍ അടിച്ചും തൊഴിച്ചും ഒക്കെ നോക്കി. പക്ഷേ അത് ഇളകുന്ന മട്ടില്ല.
എന്തു ചെയ്യേണ്ടൂ എന്നറിയാതെ അയാള്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ് ഖദര്‍ധാരിയായ ഒരു യുവാവ് അതുവഴി വന്നത്.
”എന്തു പറ്റിയെടോ കഴുതക്ക്. എന്താ സമരത്തിലാണോ?” യുവാവ്.
”എന്തു പറയാനാ നേതാജീ ഇത് ഇളകുന്ന മട്ടില്ല! നേരം ഒരുപാടായി ഞാനെന്തു ചെയ്യും?” അലക്കുകാരന് ആവലാതിപ്പെട്ടു.
”സാരമില്ലെടോ എല്ലാം ഇപ്പം ശരിയാക്കാം. ആട്ടെ പോക്കറ്റില്‍ പൈസ വല്ലതുമുണ്ടോ?” യുവാവ്.
”കഷ്ടിച്ചൊരുപത്തിരുപതു രൂപ കാണും അത്ര തന്നെ” അലക്കുകാരന്.
അലക്കുകാരന് കൊടുത്ത പൈസ വാങ്ങി പോക്കറ്റിലിട്ട് യുവാവ് കഴുതയുടെ അടുത്തുചെന്ന് അതിന്റെ ചെവിയിലെന്തോ മന്ത്രിച്ചു. അത്ഭുതമെന്നു പറയട്ടെ കഴുത അതുകേട്ട് തലയാട്ടി വാലുംപൊക്കി ഒറ്റ നടത്തം!
”അല്ല, നേതാജീ താങ്കള്‍ ഇതിന്റെ ചെവിയില്‍ എന്താണ് മന്ത്രിച്ചത്. അത്ഭുതം തന്നെ.” അലക്കുകാരന്.
മന്ത്രമൊന്നുമല്ലെടോ ചെറിയൊരു തന്ത്രം. ഞങ്ങള്‍ സോഷ്യലിസം നടപ്പാക്കാന്‍ പോവുകയാണെന്നും അതു നടപ്പായാല്‍ പിന്നെ ഈ രാജ്യത്ത് ഒരു കഴുതക്കും ഇതുപോലെ ചുമടുചുമക്കേണ്ട ഗതികേടുണ്ടാക്കില്ലെന്നും മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. കണ്ടില്ലേ അതിന്റെ സന്തോഷം, ഇത് തന്നെയാണ് ഞങ്ങളുടെ വിജയരഹസ്യവും എന്താ വല്ലതും മനസ്സിലായോ” യുവാവ്.
”എല്ലാം മനസ്സിലായേ..” അലക്കുകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: