തൃശ്ശൂര്‍: തൃശ്ശൂരിലെ എടിഎം കവര്‍ച്ചക്കേസില്‍ വിപുലമായ അന്വേഷണത്തിന് പോലീസ്. പിടിയിലായ ഹരിയാന സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം മുറുകുന്നതിനിടെ സമാനമായ കവര്‍ച്ചകള്‍ മറ്റിടങ്ങളില്‍ ഇവര്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുകയാണ്.
ഹരിയാന സംഘത്തിന്റെ വേരുകള്‍ തേടി തമിഴ്നാട് പോലീസ് സംഘം ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്. സംഘത്തിന്റെ പിന്നില്‍ കൂടുതല്‍ പേര് ഉണ്ടാകും എന്നാണ് പോലീസിന്റെ നിഗമനം. നിലവില്‍ അഞ്ചുപേരാണ് തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റയാള്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിയാനയിലെ പല്‍വാന്‍ സ്വദേശികളായ ഇര്ഫാന്, സാബിര്‍ഖാന്‍, ഷൗക്കീന്‍, മുഹമ്മദ് ഇക്രാം, മുബാറക് ആദം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൂട്ടുപ്രതിയായ അസര്‍ അലിയാണ് വെടിവെപ്പില്‍ പരിക്കേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഘത്തില്‍ ഉള്‍പ്പെട്ട ജമാലുദ്ദീന്‍ കഴിഞ്ഞദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് വെടിയേറ്റ് മരിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് കവര്‍ച്ചാ സംഘം കേരളത്തിലെത്തിയത്. ഹരിയാനയില്‍ നിന്ന് പ്രതികള്‍ ചെന്നൈയില്‍ എത്തി ഒരുമിച്ചു കൂടുകയും അവിടെനിന്ന് കേരളത്തിലേക്ക് കടക്കുകയുമായിരുന്നു. സാബിര്‍ഖാനും ഷൗക്കീനും ഹരിയാനയില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് ചെന്നൈയില്‍ എത്തിയത്. രണ്ടുപേര്‍ കണ്ടെയ്നര്‍ ലോറിയിലും മൂന്നുപേര്‍ കാറിലും ചെന്നൈയിലെത്തി. പിന്നീട് കേരളത്തിലേക്ക് കടന്നു.
ഗൂഗിള്‍ മാപ്പ് പരിശോധിച്ചാണ് കവര്‍ച്ച നടത്തേണ്ട എടിഎം സെന്ററുകള്‍ ഇവര്‍ തിരഞ്ഞെടുത്തത്. സ്ഥിരമായി പണം നിറയ്ക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളാണ് കവര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാആയിരുന്നു കവര്‍ച്ച എന്നും പോലീസ് പറഞ്ഞു. 10 മിനിറ്റിനും 15 മിനിറ്റിനും ഇടയിലാണ് ഒരു എടിഎമ്മില്‍ കവര്‍ച്ചക്ക് വേണ്ടി ഇവര്‍ ചെലവഴിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന് അറുത്തുമാറ്റിയാണ് പണം കവര്‍ന്നത്.
കവര്‍ച്ച നടത്തിയ ശേഷം രക്ഷപ്പെടാനുള്ള റൂട്ട് മാപ്പും ഇവര്‍ തയാറാക്കിയിരുന്നു. ഇരിങ്ങാലക്കുട മാപ്രാണത്തെ എടിഎമ്മിലാണ് ആദ്യം കയറിയത്. 10 മിനിറ്റുകൊണ്ട് ഇവിടുത്തെ കവര്‍ച്ച പൂര്‍ത്തിയാക്കി തൃശ്ശൂര്‍ നഗരത്തിലേക്ക് എത്തി. മാപ്രാണത്ത് പോലീസ് എത്തുമ്പോഴേക്കും ഇവര്‍ തൃശ്ശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മും തകര്‍ത്ത് പണം മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് 10 കിലോമീറ്റര്‍ അകലെയുള്ള കോലഴിയിലെ എടിഎം പൊളിച്ച് പണം കവര്‍ന്നു. മണ്ണുത്തിക്ക് സമീപമുള്ള മാടക്കത്തറയില്‍ എത്തി ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ കയറ്റി. രണ്ടുപേര്‍ മാത്രമാണ് ലോറിയുടെ ക്യാബിനില്‍ കയറിയത്. മറ്റു പ്രതികള്‍ കണ്ടെയ്നറിനുള്ളില്‍ ആയിരുന്നു.
മോഷണം നടന്ന വിവരം തൃശൂര്‍ സിറ്റി പോലീസ് കര്‍ണാടക, തമിഴ്നാട് പോലീസിനെ അറിയിച്ചതനുസരിച്ച് ദേശീയപാതയില്‍ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. പ്രതികള്‍ പാലക്കാട,് വാളയാര്‍ വഴി തമിഴ്നാട്ടിലേക്ക് കടന്നതോടെ തമിഴ്നാട് പോലീസ് ഇവരെ തിരിച്ചറിഞ്ഞു. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയ കണ്ടെയ്നര്‍ ലോറിയെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ പോലീസുമായി ഏറ്റുമുട്ടലിന് ഒരുങ്ങിയത്. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് ജമാലുദ്ദീന്‍ കൊല്ലപ്പെട്ടത്. തൃശ്ശൂരില്‍ നിന്നുള്ള പോലീസ് സംഘവും തമിഴ്നാട്ടില്‍ എത്തിയിട്ടുണ്ട്. തമിഴ്നാട് പോലീസിനൊപ്പം ഹരിയാനയിലേക്ക് പോകുന്ന സംഘത്തില്‍ കേരള പോലീസിലെ ഉദ്യോഗസ്ഥരും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: