പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ തരത്തില്‍ ആണ് പൊതുവേ എല്ലാ ജീവജാലങ്ങളും കഴിയുന്നത്. അത് അങ്ങനെ തന്നെ വേണംതാനും. എന്നാല്‍ മറ്റു ജീവജാലങ്ങളില്‍ നിന്നും മനുഷ്യനുള്ള ഏറ്റവും വലിയ സവിശേഷത ‘മനുഷ്യന് ജീവിതം അവന്റെ ഇച്ഛാനുസരണം നയിക്കുന്നു’ എന്നതാണ്. ജീവിതം നയിക്കുക എന്നാല്‍ സ്വന്തം ചിന്തക്കും കാഴ്ചപ്പാടിനും വിശ്വാസപ്രമാണത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഒക്കെ അനുസൃതമായി ഓരോ ദിവസവും കഴിയുക എന്നതാണ്. അതിനാലാണ് ലോകത്ത് വിവിധ പ്രത്യയശാസ്ത്രങ്ങളും മതങ്ങളും സംസ്കാരവും ഭക്ഷണരീതികളും ഉണ്ടായത്.
മതവിശ്വാസിയായ ഏതൊരാളും താന്‍ എന്തുകൊണ്ട് ആ മതത്തില്‍ തുടരുന്നു എന്ന ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ടാവും. ഉത്തരം പലപ്പോഴും ‘അച്ഛനും അമ്മയും ആ മതസ്ഥര്‍ ആയതുകൊണ്ട്’ അല്ലെങ്കില്‍ ആ ‘മതത്തിലെ കുടുംബത്തില്‍ ജനിച്ചതുകൊണ്ട്’ എന്നിങ്ങനെയാവും. ഹൈന്ദവധര്‍മ്മത്തില്‍ ഒഴികെ ഈ ഉത്തരം പ്രസക്തമാണു താനും. എന്നാല്‍ ഹിന്ദുത്വമാവട്ടെ മതമെന്നതിനേക്കാള്‍ ജീവിത രീതിയാണ്.
പ്രകൃതിക്കും ജൈവ വ്യവസ്ഥയ്ക്കും പ്രാധാന്യം നല്കുന്ന ലോകത്തിലെ ഒരേയൊരു ജീവിതരീതിയാണ് വൈന്ദവധര്‍മ്മം. അതൊരു ജീവിതചര്യയാണ്.
അതിനാലാണ് ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ഹിന്ദുവിശ്വാസികള്‍ പ്രകൃതിയെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഉദാഹരണത്തിന് ,
തുളസി – ലക്ഷ്മി ദേവി
മഞ്ഞള്‍ – പാര്‍വതി ദേവി
വേപ്പ്- ആദിപരാശക്തി
ആല് – ത്രിമൂര്‍ത്തി സ്വരൂപം
എന്നിങ്ങനെ ഔഷധികളും വൃക്ഷങ്ങളുമായും ബന്ധപ്പെട്ട ഒട്ടേറെ സങ്കല്‍പ്പങ്ങള്‍ ഹിന്ദുവിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
ഓരോ നാളിനും ഓരോ വൃക്ഷങ്ങള്‍, ഓരോ മൃഗങ്ങള്‍ എന്നിവ ഹിന്ദു വിശ്വാസത്തിന്റെ മാത്രം പ്രത്യേകതയാണ്.
ആരാധനാലയങ്ങളോടു ചേര്‍ന്നു സസ്യോദ്യാനം(നക്ഷത്രവനം) ഉണ്ടാക്കി പരിപോഷിപ്പിക്കുന്നത് ഹിന്ദു വിശ്വാസികള്‍ മാത്രമാണ്.
കേരളത്തില്‍ പല ഭാഗങ്ങളിലും തമിഴ്നാട്ടിലും ഭവനങ്ങളുടെ മുന്നില്‍ രാവിലെ അരിപ്പൊടി കൊണ്ട് കോലം വരയ്ക്കുന്നത് ആചാരം മാത്രമല്ല, ഉറുമ്പുകളെയും ചെറുജീവികളെയും ഊട്ടുക കൂടിയാണ്്.
ബലിതര്‍പ്പണം നടത്തുമ്പോള്‍ ബലിക്കാക്കകള്‍ മുതല്‍ ജലജീവികളെ വരെ ഊട്ടുകയാണ് ചെയ്യുന്നത്. പശുവിനെ അമ്മയായി കണ്ട് ഗോപൂജ നടത്തുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നതും ഹിന്ദുവിശ്വാസത്തിന്റെ മാത്രം പ്രത്യേകതയാണ്. മയിലിനെ സുബ്രഹ്മണ്യന്റെ വാഹനമായി കണ്ട് ക്ഷേത്രങ്ങളില്‍ വളര്‍ത്തുന്നു.
ക്ഷേത്രക്കുളങ്ങളില് മത്സ്യങ്ങളെ വളര്‍ത്തി ഭക്തര്‍ പൊരി ഭക്ഷണമായി നല്കുന്നു. സര്‍പ്പങ്ങളെ ശിവന്റെ ആഭരണമായും മഹാവിഷ്ണുവിന്റെ ശയ്യയായും കണ്ടു സര്‍പ്പക്കാവുകളെ സംരക്ഷിക്കുന്നു. നദികളെയും തീര്‍ത്ഥക്കുളങ്ങളെയും ദിവ്യമായി കണ്ട് ആരാധിക്കുന്നു.
ഗംഗ, യമുന, കാവേരി തുടങ്ങിയ നദികളെ ദേവിയായി കണ്ടു പല അനുഷ്ഠാനങ്ങളാല്‍ അവയെ പൂജിച്ച് സായുജ്യം അടയുന്നവരാണ് ഹിന്ദുക്കള്‍.
സര്‍വ്വചരാചരങ്ങളിലും ഈശ്വരന് വസിക്കുന്നു എന്ന വിശ്വസിക്കുന്നു എന്ന തിരിച്ചറിവില്‍ ഹിന്ദുക്കള്‍ ഗോക്കളെയും സസ്യലതാദികളെയും ആരാധിക്കുന്നു. സ്ത്രീകളെ ദേവിയായി സങ്കല്‍പ്പിച്ച് നാരിപൂജ, കന്യകാ പൂജ, മാതൃപൂജ എന്നിവ അനുഷ്ഠിക്കുന്നു. ഭൂമിയെ ദേവിയായി കണ്ടു ഗൃഹനിര്‍മാണത്തിന് മുമ്പും കൃഷി ആരംഭിക്കുന്നതിനുമുമ്പും ഭൂമിപൂജ നടത്തി പ്രകൃതിയെയും പരിസ്ഥിതിയെയും ആരാധിക്കുന്നു. സകല ചരാചരങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്ന സൂര്യഭഗവാനെ സൂര്യനമസ്കാരം ചെയ്തു പൂജിക്കുന്നു. ഇതൊക്കെ സനാതനധര്‍മ്മത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഭാരതം എന്ന വാക്കിന്റെ തന്നെ അര്‍ത്ഥം തന്നെ നോക്കൂ. ഭഗവാനും രതിയും ചേര്‍ന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭഗവാനില്‍ രതി കൊള്ളുന്നവര്‍ ആണ് ഭാരതീയര്‍.
ഇങ്ങനെ ഹൈന്ദവ വിശ്വാസത്തിലെ ഓരോ ഘട്ടത്തിലും ചെയ്യുന്ന പൂജാകര്‍മ്മങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും, അന്തര്‍ലീനമായിരിക്കുന്ന യഥാര്‍ത്ഥതത്ത്വം ഓരോ ഹിന്ദുവും മനസ്സിലാക്കേണ്ടതുണ്ട്. അതു പുതുതലമുറയ്ക്കു പകര്‍ന്നു കൊടുക്കുകയും വേണം. ഇങ്ങനെ അര്‍ത്ഥപൂര്‍ണ്ണമായ രീതിയില്‍ ആചാരാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്കേ താന്‍ എന്തുകൊണ്ടു ഹിന്ദു ആയിരിക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാവൂ.
ചുരുക്കത്തില്‍, ഗ്രന്ഥകേന്ദ്രീകൃതമായ മതനിയമങ്ങളില്ലാതെ വിശ്വാസപ്രമാണങ്ങള്‍ക്കപ്പുറം സസ്യജാലങ്ങളിലും, പക്ഷിമൃഗാദികളിലും, പ്രകൃതിയെയും ദൈവമായി കാണുകയും അവയെ പൂജിച്ച് സായുജ്യമടയുകയും ചെയ്യുന്ന പ്രകൃതി സ്നേഹത്തിന്റെ ജീവിതരീതിയാണ് ഹിന്ദുധര്‍മ്മം.
(അധ്യാപകനും അഡോളസന്‍സ് കൗണ്‍സിലറും പ്രഭാഷകനും ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: