ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) നല്‍കാനുള്ള 158.9 കോടി രൂപയുടെ കടം ബൈജൂസ് അതിവേഗം വീട്ടിത്തീര്‍ത്തതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോഴാണ് ബൈജൂസ് അടച്ചു തീര്‍ക്കാനുള്ള 158.9 കോടി രൂപയുടെ കടം വേഗം അടച്ചുതീര്‍ക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇക്കാര്യം കാണിച്ച് ജയ് ഷാ പാപ്പരത്വ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഉടനെ ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ ഈ കടം വീട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതിന്റെ ഭാഗമായി ബിസിസിഐയ്‌ക്ക് കൊടുത്തുതീര്‍ക്കാനുള്ളതാണ് ഈ കടം.
ബൈജൂസും, ബി.സി.സിഐയും തമ്മിൽ 2019ലാണ് ടീം സ്പോൺസർ കരാറിൽ ഏർപ്പെട്ടിരുന്നത്. 2022 പകുതി വരെ ബൈജൂസ് പേയ്മെന്‍റ് കൃത്യമായി നൽകിയെങ്കിലും പിന്നീട് മുടങ്ങിയെന്നാണ് കേസ്. ഇത്തരത്തിൽ 158.9 കോടിയുടെ ബാധ്യതയാണുണ്ടായത്. ഈ കടം മാത്രമായി വീട്ടിയതിനെയാണ് സുപ്രീം കോടതി പരാമർശിച്ചത്.
15,000 കോടിയുടെ കടമുള്ള ഒരു കമ്പനിക്ക് ഒരു കടം മാത്രമായി വീട്ടാൻ സാധിക്കുന്നതെങ്ങനെ? – ഇതായിരുന്നു കേസില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ചോദിച്ചത്. കേസില്‍ വാദം തുടരുകയാണ്. പാപ്പരത്ത നടപടികൾ കൈക്കൊള്ളുന്ന നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (The National Company Law Appellate Tribunal – NCLAT) എന്തു കൊണ്ടാണ് പാപ്പരത്ത നടപടികൾ ക്ലോസ് ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതെന്നും കോടതി ചോദിച്ചു.
ബൈജൂസിൽ നിക്ഷേപമുള്ള യു.എസിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനി LLC ആണ് ബിസിസിഐയുടെ കടം മാത്രം വീട്ടാനുള്ള ബൈജൂസിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ബൈജൂസില്‍ നിന്നും ഏകദേശം 8000 കോടി രൂപ കിട്ടാനുള്ള 37 കടക്കാരെ പ്രതിനിധീകരിച്ചാണ് ഗ്ലാസ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. കപില്‍ സിബലും ശ്യാം ദിവാനുമാണ് ഗ്ലാസ് ട്രസ്റ്റിന് വേണ്ടി വാദിക്കുന്നത്. ഇത്രയും വലിയ കടങ്ങള്‍ തിരിച്ചടക്കാനുള്ളപ്പോള്‍ ബൈജു രവീന്ദ്രന്‍ ദുബായിലും റിജു രവീന്ദ്രന്‍ ലണ്ടനിലും തുടരുന്നത് ശരിയല്ലെന്ന് ശ്യാം ധിവാന്‍ വാദിച്ചു.
ബിസിസിഐയ്‌ക്ക് നല്‍കാനുള്ള 158.9 കോടി നല്‍കി ആഗസ്റ്റ് 14ാം തിയ്യതി പാപ്പരത്ത നടപടികള്‍ അവസാനിപ്പിച്ച എന്‍സിഎല്‍എടിയുടെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു സെറ്റിൽമെന്‍റിന്റെ ഭാഗമായി ബൈജൂസിൽ നിന്ന് ലഭിച്ച 158.9 കോടി പ്രത്യേകമായ ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ ബി.സി.സിഐ ക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.
‘നിലവിൽ ബൈജൂസിന് 15,000 കോടി രൂപയുടെ കടമാണുള്ളത്. കടബാധ്യതയുടെ വലിപ്പം വളരെ വലുതാണ്. ഈ സാഹചര്യത്തിൽ, ഒരു പ്രമോട്ടർ തങ്ങൾക്ക് പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റർക്ക് (BCCI) മാത്രമായി നടന്നു പോകാൻ സാധിക്കുമോ?’ – കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.ബി പർദിവാല, മനോഡ് മിശ്ര എന്നിവരാണ് മറ്റ് അംഗങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക