പാലക്കാട്: പാമോയിലിനും വെളിച്ചെണ്ണക്കും വില കുതിച്ചുയര്‍ന്നതോടെ പലഹാര നിര്‍മാണ മേഖല പ്രതിസന്ധിയില്‍. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ വെളിച്ചെണ്ണക്കും പാമോയിലിനും 30 മുതല്‍ 50 രൂപ വരെയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 95 രൂപയുണ്ടായിരുന്ന പാമോയിലിന് ഇപ്പോള്‍ 125 രൂപ വരെയാണ് വില. 160-180 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് 190-240 രൂപ വരെ ആയിട്ടുണ്ട്.
നാളികേരത്തിന് വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം വരെ 32-34 രൂപ ഉണ്ടായിരുന്ന നാളികേരത്തിനിപ്പോള്‍ 54-58 രൂപ വരെയാണ് വിപണിവില. നാളികേരത്തിന്റെ വില കുതിച്ചുയരുന്നതോടെ വെളിച്ചെണ്ണ വിലയും ഉയരത്തിലേക്കാണ്. വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള രുചിഗോള്‍ഡ് പാമോയിലിന് വില കൂടിയത് 30 രൂപ വരെയാണ്. 110 രൂപയുണ്ടായിരുന്ന സണ്‍ഫ്ലവർ ഓയിലിന് ഇപ്പോള്‍ 140 രൂപ വരെ ആയിട്ടുണ്ട്.
പാമോയിലിനും വെളിച്ചെണ്ണക്കും വില കൂടിയതോടെ വഴിയോരങ്ങളില്‍ എണ്ണപ്പലഹാരങ്ങള്‍ വില്‍ക്കുന്ന കടകളും ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലാണ്. പാമോയിലിനും വെളിച്ചെണ്ണക്കും വില കൂടിയതോടെ അതിര്‍ത്തി കടന്ന് വിലകുറഞ്ഞ വെളിച്ചെണ്ണയും പാമോയിലും വിപണിയിലെത്തുന്നുണ്ട്. കെപിഎല്‍, കേര, കെഎല്‍എഫ്, കൊക്കോനാട്, തനിമ, ഇദയം തുടങ്ങി നിരവധി കമ്പനികളുടെ വെളിച്ചെണ്ണകളാണ് ഇപ്പോള്‍ വില്‍പ്പനക്കുള്ളത്. ഇത്തരം കമ്പനികളുടെ വെളിച്ചെണ്ണക്ക് നേരത്തെ 140 മുതല്‍ 190 രൂപ വരെയാണ് വില ഈടാക്കിയിരുന്നത്. എന്നാല്‍ നാളികേരത്തിന് വില ഉരുന്നതോടെ വ്യാപാരികള്‍ ഇത്തരം കമ്പനികളുടെ വെളിച്ചെണ്ണക്കും വില വര്‍ധിച്ചു.
വീടുകളിലും ചെറുകിട കമ്പനികളിലും എണ്ണ പലഹാരങ്ങളും ബേക്കറി ഉല്പനങ്ങളും ഉണ്ടാക്കി പാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ പാമോയിലിനും വെളിച്ചെണ്ണക്കും വിലവര്‍ദ്ധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മിക്കവരും വ്യാപകമായി ഉപയോഗിക്കുന്നത് പാമോയില്‍ ആണെന്നതിനാല്‍ ഇതിന്റെ വില വര്‍ധിച്ചതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് പാക്കറ്റിന് അഞ്ചു മുതല്‍ പത്തു രൂപ വരെ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
പാമോയില്‍, വെളിച്ചെണ്ണ വിലവര്‍ധനച്ചതിനാല്‍ ചിപ്‌സിനും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. പാമോയിലില്‍ വറുത്ത ചിപ്‌സിനും വെളിച്ചെണ്ണയില്‍ വറുക്കുന്ന ചിപ്‌സിനും 30-40 രൂപയുടെ വ്യത്യാസമാണുണ്ടായിരുന്നത്. സപ്ലൈകോ വഴി സബ്‌സിഡി നിരക്കില്‍ 140 രൂപയ്‌ക്ക് നല്‍കിയിരുന്ന വെളിച്ചെണ്ണയും പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ഉയരുമ്പോള്‍ കാണാമറയത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: